KSDLIVENEWS

Real news for everyone

ലീഡ്സിൽ അനായാസ ജയവുമായി ഇംഗ്ലണ്ട്; ഡക്കറ്റിന് സെഞ്ചുറി, ക്യാപ്റ്റൻ ഗില്ലിന്റെ അരങ്ങേറ്റം തോൽവിയോടെ

SHARE THIS ON

ലീഡ്സ്: രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്താനായെങ്കിലും ശുഭ്മാന്‍ ഗില്ലിന് തോല്‍വിയുടെ കല്‍പ്പുനീര്‍. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). രണ്ട് ഇന്നിങ്‌സിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടി റെക്കോഡിട്ട ഋഷഭ് പന്തിനും ഇത് നിരാശയുടെ മത്സരം. ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ആളില്ലാതിരുന്നതിനെയും കൈവിട്ട ക്യാച്ചുകളെയും ഇന്ത്യയ്ക്ക് പഴിക്കാം. വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയില്‍ പക്ഷേ വിജയിക്കാനുള്ള ദാഹം ഇല്ലായിരുന്നു എന്നത് വസ്തുതയാണ്. പലപ്പോഴും ഫീല്‍ഡിലെ അച്ചടക്കമില്ലായാമയും വിനയായി. പിഴവുകളില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിനായി തയ്യാറെടുക്കാം. മറുവശത്ത് 371 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തിന് കൈയടിക്കാം. ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയും സാക് ക്രോളിയുടെയും ജോ റൂട്ടിന്റെയും അര്‍ധ സെഞ്ചുറികളുമാണ് ഇംഗ്ലീഷ് വിജയം എളുപ്പമാക്കിയത്.

സ്‌കോര്‍: ഇന്ത്യ – 471, 364, ഇംഗ്ലണ്ട് – 465, അഞ്ചിന് 373.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 188 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ തന്നെ മത്സരം ഇന്ത്യയുടെ കൈവിട്ടുപോയിരുന്നു. ആദ്യ സെഷന്‍ മുഴുവന്‍ ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ഇതിനിടെ 97 റണ്‍സില്‍ നില്‍ക്കേ സിറാജിന്റെ പന്തില്‍ ഡക്കറ്റിനെ യശസ്വി ജയ്സ്വാള്‍ കൈവിട്ടതിന് ഇന്ത്യയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു. ഈ മത്സരത്തില്‍ ജയ്സ്വാള്‍ നിലത്തിടുന്ന നാലാമത്തെ ക്യാച്ചായിരുന്നു ഇത്. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്രോളിയെ 43-ാം ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 ഓവറുകള്‍ പന്തെറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്. 126 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 65 റണ്‍സെടുത്താണ് ക്രോളി മടങ്ങിയത്. തുടര്‍ന്നെത്തിയ ഒലി പോപ്പിന് ആദ്യ ഇന്നിങ്സിലെ പ്രകടനം തുടരാനായില്ല. എട്ടു റണ്‍സെടുത്ത പോപ്പ് പ്രസിദ്ധിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയി. ഇതിനോടകം സെഞ്ചുറി തികച്ച ഡക്കറ്റ് സ്‌കോറിങ് വേഗത്തിലാക്കി. 170 പന്തില്‍ നിന്ന് 149 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പകരക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 21 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിങ്സ്. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹാരി ബ്രൂക്കിനെയും (0) താക്കൂര്‍ മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ജോ റൂട്ടും സ്റ്റോക്ക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തതോടെ രണ്ടാം സെഷനിലും ഇന്ത്യയ്ക്ക് കാര്യമായ സമ്മര്‍ദം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

നിരന്തരം സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും കളിച്ച സ്റ്റോക്ക്‌സ് ഒടുവില്‍ 51 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ജഡേജയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സ്റ്റോക്കിസിനെ ഗില്‍ ക്യാച്ചെടുത്തു. പിന്നാലെ ആറാം വിക്കറ്റില്‍ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. റൂട്ട് 53* റണ്‍സോടെയും സ്മിത്ത് 44* റണ്‍സോടെയും പുറത്താകാതെ നിന്നു. ജഡേജയെ സിക്‌റിന് പറത്തിയാണ് സ്മിത്ത് ടീമിന്റെ വിജയറണ്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!