രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി
കൊച്ചി: മക്കളെക്കൊണ്ടു നഗ്‌നമേനിയില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. രഹനയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ഇവര്‍ക്കെതിരേ പോക്സോ, ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
രഹനയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് പോക്‌സോ കേസിന്റെ പരിധിയില്‍ വരുമെന്നും ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. രഹന ഫാത്തിമ തന്റെ നഗ്നമേനിയില്‍ കുട്ടിയെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ച് തിരുവല്ല സ്വദേശി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ലാപ്ടോപ് മൊബൈല്‍ ഫോണ്‍ എന്നിവ തൃപ്പൂണിത്തുറയിലെ റീജിയണല്‍ സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.