KSDLIVENEWS

Real news for everyone

അന്നേ സംശയിച്ചു, ലോറി വെള്ളത്തിലാകാമെന്ന്; ജി.പി.എസ് സിഗ്നല്‍ കേന്ദ്രീകരിച്ച് തിരച്ചില്‍, റിങ്‌ചെയ്ത ഫോണ്

SHARE THIS ON

അങ്കോല (കര്‍ണാടക): നീണ്ട ഒൻപതുനാൾ, കേരളമൊന്നാകെ പ്രാർഥിച്ചു, അർജുന്റെ തിരിച്ചുവരവിനായി. കരയിലും പുഴയിലും ഒരു പോലെ രക്ഷാപ്രവർത്തകരിറങ്ങി. ജീവൻ പണയം വെച്ച് കടുത്ത വെല്ലുവിളികളേയും കാലാവസ്ഥയേയും വകവെക്കാതെ, ലോറിയും അതിലകപ്പെട്ട മനുഷ്യനും വേണ്ടി രാപ്പകലില്ലാതെ തിരച്ചിൽ നടത്തി. മകന്റെ തിരിച്ചുവരവിനായി മാതാപിതാക്കളും, ഭർത്താവിന്റെ തിരിച്ചു വരവിനായി ഭാര്യയും ഹൃദയം വിങ്ങിക്കേണു. ഒന്നുമറിയാതെ അർജുന്റെ കുഞ്ഞ് പിതാവിന്റെ വരവും കാത്തിരുന്നു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. അത്യാധുനിക സംവിധാനങ്ങളടക്കം എത്തിച്ചു. സൈന്യവും നാവികസേനാ വിദഗ്ധരുമെത്തി. മണ്ണിടിഞ്ഞ വിവിധയിടങ്ങളിൽ സിഗ്നൽ കണ്ടു, അവിടെയൊക്കെ ബുൾഡോസറുകളടക്കമെത്തിച്ച് മണ്ണുമാന്തി. ഒടുവിൽ ഒൻപതാം നാൾ ആ ശുഭവാർത്തയെത്തി. കാണാതായ ലോറി കണ്ടെത്തിയിരിക്കുന്നു. അത് അർജുന്റെ ലോറിയാണെന്ന് ഔദ്യോഗിക സ്ഥിരീകരണവും കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.


ആദ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തെച്ചൊല്ലി വൻതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പുഴയുടെ ഭാഗത്ത് ലോറിയുണ്ടാകുമെന്ന് കർണാടക സർക്കാർ ആദ്യംമുതൽക്കേ പറഞ്ഞുവെങ്കിലും കരയിൽ മണ്ണിടിച്ചിൽ ഉണ്ടായിടത്ത് ലോറി കുടുങ്ങിക്കിടക്കാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ വിവരങ്ങളും വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരയിൽ മണ്ണിടിഞ്ഞിടത്ത് പരിശോധന ശക്തമാക്കി. കനത്ത മഴയാണ് പ്രദേശത്ത് പെയ്തിരുന്നത്. പ്രതികൂല കാലാവസ്ഥയായിരുന്നു. പുഴയിൽ ശക്തമായ അടിയൊഴുക്കും.

നിലവിൽ പുഴയിൽ നിന്നാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. 20 മീറ്റർ അകലെയായി 15 മീറ്റർ താഴ്ചയിലാണ് ലോറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ മുതൽ ശുഭപ്രതീക്ഷകളോടെയായിരുന്നു രക്ഷാപ്രവർത്തകരിറങ്ങിയത്. സിഗ്നൽ ലഭിച്ചിടങ്ങൾ കേന്ദ്രീകരിച്ച് മണ്ണുമാന്തിയായിരുന്നു കരയിലെ തിരച്ചിൽ. സമാനമായിത്തന്നെ നേവിയുടെ സംഘം പുഴയിൽ അത്യാധുനിക സംവിധാനങ്ങളടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തുകയും ചെയ്തു.


ലോറി കാണാതായതിന്റെ മൂന്നാം നാൾ

ലോറി കാണാതായതിന്റെ മൂന്നാം നാളാണ് ഒരു മലയാളിയും മണ്ണിടിച്ചിലിൽ അകപ്പെട്ടിട്ടുണ്ട് എന്ന വാർത്ത പുറത്തുവരുന്നത്. ലോറിയിൽ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ലോറി മണ്ണിനടിയിലാണെന്ന സൂചന ലഭിക്കുന്നത്. തുടർന്ന് ബന്ധുക്കളും അർജുനെ കാണാനില്ല എന്ന് സ്ഥിരീകരിച്ചിരുന്നു.

ലോറിയുമായി പോയ അർജുൻ

അർജുൻ ലോറിയുമായി യാത്രയാരംഭിക്കുന്നത് ജൂലായ് എട്ടിനാണ്. കണ്ണാടിക്കലിലെ വീട്ടിൽനിന്നാണ് അർജുൻ പുറപ്പെടുന്നത്. മലപ്പുറത്തെ കോട്ടക്കലിൽനിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്ക്. അവിടെനിന്ന് കുശാൽനഗറിലെത്തി കാറ്റാടി മരത്തടി കയറ്റി നേരേ ബെലഗാവിയിലേക്ക്. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി മടക്കയാത്ര. ചൊവ്വാഴ്ച പുലർച്ചെയോടെ 200 കിലോമീറ്റർ അകലെയുള്ള ഷിരൂരിലെത്തി. എട്ടേമുക്കാലോടെ മണ്ണിടിച്ചിലുണ്ടാകുന്നു. പിന്നീട് അർജുനെക്കുറിച്ച് യാതൊരു വിവരവുമില്ല.

ചായകുടിക്കാൻ വണ്ടി നിർത്തി, ഒടുവിൽ ദുരന്തത്തിനിരകളായി

മണ്ണിടിച്ചിൽ ഉണ്ടായ ദേശീയ പാതയോരത്ത് ഒരു ചായക്കട ഉണ്ടായിരുന്നു. ഇവിടെ ചായകുടിക്കാനായി വാഹനങ്ങൾ നിർത്തുമായിരുന്നു. അത്തരത്തിൽ ചായകുടിക്കാൻ നിർത്തിയ വണ്ടികളാണ് അപകടത്തിൽപെട്ടവയിലേറെയുമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ദുരന്തത്തിൽ, ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. അർജുൻ അടക്കം മൂന്നുപേരെ കണ്ടെത്താനുണ്ടെന്നും അറിയിച്ചിരുന്നു.


കേരളത്തിൽ നിന്നുള്ള എം.കെ. രാഘവൻ എം.പി., എം.കെ.എം. അഷറഫ് എം.എൽ.എ, സച്ചിൻ ദേവ് എം.എൽ.എ. തുടങ്ങിയവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നേരിട്ടു വിലയിരുത്തി. കർണാടക സർക്കാരും തിരച്ചിൽ ശക്തമാക്കി.

എട്ടാം തീയതി വീട്ടിൽ നിന്ന് പോയ അർജുൻ അവസാനം വിളിച്ചത് 15ാം തീയതി

എട്ടാം തീയതിയാണ് അർജുൻ വീട്ടിൽ നിന്നും പോകുന്നത്. തടികൊണ്ടുപോകുന്ന ലോറിയിൽ അർജുന്റെ കൂടെ മറ്റൊരു ഡ്രൈവറും ഉണ്ടായിരുന്നു. പതിനഞ്ചാം തീയതി വരെ അർജുൻ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. വീട്ടിൽ നിന്ന് പോയാൽ രണ്ടാഴ്ചക്കകം അർജുൻ തിരിച്ചെത്താറുണ്ട്. എന്നാൽ ഇത്തവണ അർജുൻ തിരിച്ചെത്താതായതോടെയാണ് അപകടത്തെക്കുറിച്ച് മനസ്സിലാകുന്നത്. ലോറിയിൽ നിന്നുള്ള ജിപിഎസ് സിഗ്നൽ ലഭിച്ചത് അപകടം നടന്നിടത്ത് നിന്നായിരുന്നു.

സംസ്ഥാന സർക്കാർ ഉടൻ തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കർണാടക സർക്കാരുമായി വിഷയം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെട്ടു. നടപടികൾ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തി.

അതിശക്തമായ മഴയിൽ ലോറി ഒലിച്ചു പുഴയിൽ എത്തിയിട്ടുണ്ടാകാമെന്നായിരുന്നു തുടക്കം മുതൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ജിപിഎസ് ട്രാക്ക് കരയിൽ നിന്നാണ് കാണിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലും 45 ടണ്ണോളം വരുന്ന ലോറി പുഴയിൽ ഒഴുകിപ്പോകാനുള്ള സാധ്യതകളും തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് പരിശോധന കരയിലും ശക്തമാക്കുകയായിരുന്നു.

ഫോൺ റിങ് ചെയ്ത മൂന്നാം ദിനം

മൂന്ന് ദിവസത്തിന് ശേഷം റിങ് ചെയ്ത അർജുന്റെ ഫോൺ റിങ് ചെയ്തിരുന്നു. ആശ്വാസനിമിഷങ്ങളായിരുന്നു അത്. അപകടശേഷം പ്രവർത്തനരഹിതമായ അർജുന്റെ ഫോൺ വെള്ളിയാഴ്ചയോടെയാണ് റിങ് ചെയ്തത്. ശുഭപ്രതീക്ഷകൾ നൽകിയ നിമിഷം. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല.

നദിയിലുടെ അടിത്തട്ടിൽ നിന്ന് ലഭിച്ച സിഗ്നൽ
റഡാറിൽ കണ്ട സിഗ്നൽ

ജൂലൈ 20-നാണ് റഡാറിൽ സിഗ്നൽ പതിയുന്നത്. ലോറിയുടേതാകാമെന്ന തരത്തിലുള്ള വാർത്തകളും വന്നു. സംഭവസ്ഥലത്ത് പരിശോധന ശക്തമാക്കി. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് വേറെ രണ്ടിടങ്ങളിലും സമാനമായി സിഗ്നൽ ലഭിക്കുകയുണ്ടായി. എന്നാൽ പരിശോധനയിൽ അവിടെയും ലോറി ഇല്ല എന്ന് സൈന്യം സ്ഥിരീകരിച്ചു. കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് പിന്നീട് പുഴയിലേക്ക് മാറ്റി. നാവിക സേനയും എത്തിയതോടെ പുഴയിലെ തിരച്ചിൽ ശക്തമാക്കി. ഇതിനിടെ അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവാലി പുഴയിൽ നിന്ന് ഒരു സ്ത്രീയും മൃതദേഹം കണ്ടെത്തിയിരുന്നു.

സുപ്രീം കോടതിയിലെ ഹർജി

ആറാനാളും അർജുനെ കണ്ടെത്താനാകാതെ വന്നതോടെ തിരച്ചിൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി. അഡ്വ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുയർന്നിരുന്നു.

വിഷയം ​​ഗൗരവമാണെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.

നാവികസേനയുടെ തിരച്ചിൽ, സോണാറിൽ നിന്നുള്ള ദൃശ്യം


നാവിക സേന അർജുന് വേണ്ടിയുള്ള തിരച്ചിൽ പുഴയിൽ ശക്തമാക്കി. അഡ്വാൻസ്ഡ് സോണാർ സിസ്റ്റത്തിൽ ഗംഗാവാലി നദിയിൽ നിന്ന് സിഗ്നൽ ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്തുകയായിരുന്നു. കർണാടക സർക്കാർ ലോറി അർജുന്റേത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇനി ലോറി കരയിലേക്ക് അടുപ്പിക്കുക എന്ന സാഹസമാണ് ബാക്കിയുള്ളത്. ലോറി കണ്ടെത്തിയെങ്കിലും അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. പ്രദേശത്ത് അതിശക്തമായ മഴയാണ്. ഗംഗാവാലി നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ അടിയൊഴുക്കും ഉണ്ട്. ഇതൊക്കെ തരണം ചെയ്തു കൊണ്ട് അർജുന്റെ ലോറി കരയ്ക്കടുപ്പിച്ച ശേഷം പരിശോധിക്കാനാകൂ. ഇന്ന് രാത്രിയോടെ ശ്രമം വിജയകരമായില്ലെങ്കിൽ നാളെയും രക്ഷാപ്രവർത്തനം തുടരും.

error: Content is protected !!