മത്സ്യത്തൊഴിലാളിയെ ഇടിച്ചിട്ട് നിർത്താതെ പോയി; ലോറിയും യുപി സ്വദേശി ഡ്രൈവറും ഒന്നര മാസത്തിനു ശേഷം പിടിയിൽ

ബേക്കൽ: മത്സ്യത്തൊഴിലാളിയെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയും ഡ്രൈവറും ഒന്നര മാസത്തിനു ശേഷം പിടിയിലായി. യുപി പ്രയാഗ് രാജ് ജില്ലയിലെ നിലേഷ് കുമാർ (37) ആണ് ഇടിച്ച അതേ ലോറിയുമാണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ജൂൺ ആറിനു പുലർച്ചെ നാലിനു മത്സ്യബന്ധനത്തിനായി കടപ്പുറത്തേക്ക് പോകുന്നതിനിടെയാണ് കോട്ടിക്കുളം ഹോട്ടൽ വളപ്പിൽ ഡി.പ്രകാശിനെയാണ് (46) കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഹോട്ടൽ വളപ്പിൽ വാഹനമിടിച്ചത്. അപകടത്തിൽ പരുക്കേറ്റ പ്രകാശൻ ഇപ്പോഴും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായ സ്ഥലത്ത് സിസിടിവിയോ മറ്റു സംവിധാനങ്ങളുണ്ടായിരുന്നില്ല.
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് പ്രകാശൻ വീഴുന്നതും വാഹനം നിർത്താതെ പോകുന്നതും സമീപത്തെ 2 പേർ കണ്ടിരുന്നു. അവർക്ക് അജ്ഞാത വാഹനത്തെക്കുറിച്ച് കൂടുതൽ അറിവില്ലായിരുന്നു. ഇവരുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ അപകടത്തിനിടയാക്കിയ ലോറിയുമായി പിടികൂടിയത്.
അപകട സമയത്ത് എത്തിയ കാറിനുള്ളിലെ ക്യാമറ ദൃശ്യങ്ങളിൽ ചില ലോറികളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കണ്ണപുരം മുതൽ മംഗളൂരു പണമ്പൂർ വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഈ പരിശോധനയിൽ സംശയ നിഴലിലുണ്ടായിരുന്ന ഇരുപതോളം ലോറികളുടെ വിവരങ്ങൾ ശേഖരിച്ച് അവയുടെ ഉടമകളുടേയും ഡ്രൈവർമാരുടേയും മൊഴി രേഖപ്പെടുത്തി.
സംഭവ സമയത്ത് ആ വാഹനങ്ങളുടെ ലൊക്കേഷനും സ്ഥിരീകരിച്ചു. സംശയമുള്ള ദാമൻ ദിയു റജിസ്ട്രേഷനിലുള്ള ഒരു ലോറിയും ഡ്രൈവറും അതിവേഗത്തിൽ പൊലീസിനെ വെട്ടിച്ച് ഓടുന്നത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അപകട ശേഷം ഇയാൾ എറണാകുളം ഭാഗത്തേക്കും അവിടെ നിന്നു പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് പോയതായി തിരിച്ചറിഞ്ഞ പൊലീസ് ഡ്രൈവറെ നിരന്തരം ബന്ധപ്പെട്ടെങ്കിലും അപ്പോഴൊക്കെ വടക്കേ ഇന്ത്യയിലൂടെ ഓടുകയാണെന്ന് അന്വേഷക സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയയാരുന്നു.
എന്നാൽ ഡ്രൈവറുടെ നീക്കങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. കേരളത്തിലേക്കു എത്തുമ്പോൾ മൊബൈൽ നമ്പർ സ്വിച്ച് ഓഫാക്കുകയായിരുന്നു. ഈ വാഹനം മംഗളൂരു വഴി കാസർകോട്ടേക്കു എത്തുന്ന വിവരം ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് ലോറിയും ഡ്രൈവറും ബേക്കൽ പൊലീസിന്റെ പിടിയിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ ബേക്കൽ ഡിവൈഎസ്പി വി.വി.മനോജ്, ഇൻസ്‌പെക്ടർമാരായ കെ.പി. ഷൈൻ എം.വി.ശ്രീദാസ്, എസ്ഐമാരായ എം.സവ്യസാചി ,മനു കൃഷ്‌ണൻ, അഖിൽ സെബാസ്റ്റ്യൻ, മനോജ്, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത്, സുജിൻ, സജേഷ് ജിജിത്ത്, ദിലീപ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രീരാജ്, സിവിൽ പൊലീസ് ഓഫിസർ അനുരാജ് എന്നിവരെയായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.