ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് വിടും: ഗുലാം നബി ആസാദ്
ന്യൂഡൽഹി| ബി ജെ പിയുമായി ചേർന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് കണ്ടെത്തിയാൽ കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് വൈകാരിക വിശദീകരണവുമായി ആസാദ് രംഗത്തെത്തിയത്.
രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്താണ് അമ്മക്ക് സുഖമില്ലാതായത്. അപ്പോൾ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച് കത്ത് അയക്കേണ്ട കാര്യമെന്തായിരുന്നു എന്നാണ് രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിനിടെ ചോദിച്ചത്. വിയോജിപ്പറിയിച്ച് കത്തയച്ചവർക്ക് ബി ജെ പിയുമായി ബന്ധമുണ്ടാകുമെനന്നും രാഹുൽ ആരോപിച്ചതായി റിപ്പോർട്ടുകളുണണ്ടായിരുന്നു.
2014ലും 2019ലും ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് സത്യസന്ധമായി ആത്മപരിശോധന നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും നേതൃത്വത്തെ കുറിച്ചുള്ള അനിശ്ചിതത്വം പ്രവർത്തകരെ നിരാശപ്പെടുത്തിയെന്നും കത്തിൽ അഭിപ്രായപ്പെട്ടിരുന്നു.