ലാൻഡറിന്റെ വാതിൽ തുറന്നു, റോവർ പുറത്തേയ്‌ക്ക്; ചന്ദ്രനില്‍ രാജ്യമുദ്ര പതിപ്പിച്ച് യാത്ര

ബെംഗളൂരു∙ ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിനു നാല് മണിക്കൂറുകൾക്കു ശേഷം റോവർ പുറത്തേയ്ക്ക്. ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള നടപടിക്രമങ്ങളാണ് തുടങ്ങിയത്. റോവർ പുറത്തിറങ്ങാൻ നാല് മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം വരെ എടുക്കാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ലാൻഡിങ്ങിനു പിന്നാലെ പറഞ്ഞിരുന്നത്, ചരിത്രനേട്ടം ഐഎസ്ആര്‍ഒയുടെ ചാന്ദ്ര ദൗത്യത്തില്‍ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനിലിറങ്ങുന്ന വിക്രം ലാന്‍ഡറും നിര്‍ണായകമെങ്കിലും ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക പ്രഗ്യാന്‍ റോവറായിരിക്കും. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവർ വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും ആ വിവരങ്ങള്‍ കൈമാറും. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്‌സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാവുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാന്‍ സാധിക്കും ആറുചക്രമുള്ള പ്രഗ്യാന്‍ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. സൗരോര്‍ജ പാനലുകളാണ് പ്രഗ്യാന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നല്‍കുക. സെക്കന്‍ഡില്‍ ഒരുസെന്റിമീറ്റര്‍ വേഗത്തിലാണ് പ്രഗ്യാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കുക. ആകെ അര കിലോമീറ്ററോളം ദൂരം നമ്മുടെ ചാന്ദ്ര വാഹനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്. ലാൻഡറിനും റോവറിനും ഒരു ചന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസം) ആയുസ്സുള്ളത്. ഇത്രയും സമയത്തിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ലാൻഡർ കൂടുതൽ സമയം പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഉറപ്പ് പറയുന്നില്ല. ചന്ദ്രനിൽ സൂര്യൻ അസ്തമിക്കുന്നതോടെ എല്ലാം ഇരുട്ടിലാകും. താപനില മൈനസ് 180 ഡിഗ്രി വരെ താഴും. പര്യവേക്ഷക പേടകം അത്രയും താഴ്ന്ന ഊഷ്മാവിൽ പ്രവർത്തിക്കുമോ എന്നത് വെല്ലുവിളിയാണ്. അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാവും പ്രഗ്യാൻ റോവറിന്റെ യാത്ര. ഇതിന്റെ ചക്രങ്ങളില്‍ ഈ ചിഹ്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. കാറ്റ് ഇല്ലാത്തതിനാൽ ഈ മുദ്ര മായാതെ കിടക്കും. ലാന്‍ഡറില്‍നിന്ന് നിശ്ചിത ദൂരത്തില്‍ മാത്രമാണ് റോവര്‍ സഞ്ചരിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഈ മനുഷ്യ നിര്‍മിത പേടകം നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുമെന്നാണു പ്രതീക്ഷ.