KSDLIVENEWS

Real news for everyone

പിറ്റ്‌ലൈന്‍ സജ്ജം, ക്രൂ പരിശീലനത്തില്‍; കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിനെന്ന് സൂചന

SHARE THIS ON

കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്.


നിലവിൽ വന്ദേഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും. ഇതേ സമയത്ത്‌ രണ്ടാം വന്ദേഭാരത് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനാണ് പരിഗണന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരിലെത്തുക. എക്സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10-ന് തന്നെ എത്തും.


പിറ്റ്‌ലൈൻ സജ്ജം

: മംഗളൂരുവിൽ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്‌ലൈൻ സജ്ജമായി. നിലവിൽ മംഗളൂരുവിൽ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്‌ലൈനുണ്ട്. ഇവയിൽ ഒന്നിലാണ് ഓവർ ഹെഡ് ലൈൻ വലിച്ചത്.

വന്ദേഭാരതിന്റെ ചെറിയ അറ്റകുറ്റപ്പണിക്കായി മംഗളൂരുവിൽ 11000/750 വോൾട്ട് സബ്‌സ്റ്റേഷനുമുണ്ട്. നിലവിൽ കൊച്ചുവേളിയിലാണ് അറ്റകുറ്റപ്പണിക്കുള്ള സൗകര്യമുള്ളത്. വന്ദേഭാരത് ക്രൂ പരിശീലനത്തിലാണ്. പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാർക്ക് ചെന്നൈ ആവഡിയിൽ പരിശീലനം തുടങ്ങി. സാങ്കേതിക കാര്യങ്ങൾ നോക്കുന്ന മെക്കാനിക്കൽ (കാര്യേജ് ആൻഡ് വാഗൺ) വിഭാഗവും ചെന്നൈയിൽ ഇപ്പോൾ പരിശീലനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!