മക്കയില്‍ കനത്ത മഴ; നിരവധി നാശനഷ്ടങ്ങള്‍, ഹറമിലെത്തിയ വിശ്വാസികളും ജീവനക്കാരും ചിതറിയോടി: വീഡിയോ

റിയാദ്: മക്കയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ. നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ട്. സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റായിരുന്നു ഇന്നലെ മക്കയില്‍ വീശിയടിച്ചത്. അതിശക്തമായ കാറ്റും മഴയും മിന്നലുമാണ് ഇന്നലെ മക്കയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവും ശക്തമായ പൊടിക്കാറ്റൂം ഉണ്ടായി. ഉച്ചയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ മഴയും കാറ്റും മിന്നലും ശക്തിപ്രാപിച്ചു തുടങ്ങി. ഇതോടെ മക്കയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തുടക്കത്തില്‍ മഴ നനഞ്ഞ് കൊണ്ട് വിശ്വാസികള്‍ നമസ്കാരവും ത്വവാഫും ചെയ്തുവെങ്കിലും, കാറ്റ് ശക്തിപ്രാപിച്ചതോടെ വിശ്വാസികളും ഹറം പള്ളിയിലെ ജീവനക്കാരും നിലതെറ്റി വീഴാൻ തുടങ്ങി. ഹറം പള്ളിയിലെ ക്ലീനിംഗ് ഉപകണങ്ങളും ബാരിക്കേടുകളും ശക്തമായ കാറ്റില്‍ പാറിപ്പോയി. റോഡരികില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോഡുകള്‍ കാറ്റില്‍ ഉലഞ്ഞ് നിലംപൊത്തി. ഹറമില്‍ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പല വിശ്വാസികളും ശക്തമായ കാറ്റിലും മഴയിലും പിടിച്ച് നില്‍ക്കാനാകാതെ നിലതെറ്റി വീണു. ജനങ്ങള്‍ ഭയന്ന് ചിതറിയോടി. റോഡുകളില്‍ വെളളം കയറിയത് കാരണം പല സ്ഥലങ്ങളിലും റോഡുകള്‍ അടച്ചു. മക്ക മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്ന് അധികൃതര്‍ പൊതുജനങ്ങളോടഭ്യര്‍ത്ഥിച്ചു.

