ചന്ദ്രയാൻ–3യുടെ ആദ്യവിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3യുടെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി. റോവറിന്റെ യാത്ര വൈകാതെ തുടങ്ങും. ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ. ഇന്നലെ വൈകിട്ട് 6.03നാണ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചത്. വിക്രം എന്ന ലാൻഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം. ഇതോടൊപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂളുമുണ്ടായിരുന്നു. ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറിനും റോവറിനും ഇതേ പേരു തന്നെയായിരുന്നു. ജൂലൈ 14ന് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മാർക്ക് 3 (എൽവിഎം 3) റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന പേടകം അന്നുതന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ആരംഭിച്ചു.

