രാജ്യത്തെ കോവിഡ് രോഗികൾ 57 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 86,508 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1129 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച് 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 46,74,987 പേര്‍ ഇതു വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 9,66,382 പേരാണ് ഇപ്പോഴും കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 6997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ ആദ്യമായി അയ്യായിരം കടന്നു.
അതിനിടെ പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.