KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിമാർ താഴേത്തട്ടിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കണം ;
പ്രാദേശിക ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

SHARE THIS ON

ന്യൂഡല്‍ഹി: പ്രാദേശിക ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ടാണ് ലോക്ക്‌ഡൗണുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങള്‍ നല്‍കല്‍ എന്നിവയില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെര്‍ച്വല്‍ യോഗങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. നമുക്ക് എഴുന്നൂറിലധികം ജില്ലകളുണ്ട്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിവരണ കണക്കുകള്‍ വെറും 60 ജില്ലകളിലായി ഏഴ് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗണ്‍ കാരണം സാമ്ബത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങള്‍ ഗൗരവപരമായി കാണണമെന്നാണ് തന്റെ നിര്‍ദേശമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കൊവിഡ് കേസുകളില്‍ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!