IPL 2020 | കെ.എല്‍ രാഹുലിന് തകര്‍പ്പന്‍ സെഞ്ച്വറി; പഞ്ചാബിനെതിരെ ആര്‍സിബിക്ക് 207 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്‍റെ(പുറത്താകാതെ 132) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. വെറും 69 പന്ത് നേരിട്ട രാഹുല്‍ പുറത്താകാതെ 132 റണ്‍സെടുത്തു. 7 സിക്സറും 14 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിഗ്സ്. ഐപിഎല്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുല്‍ ഇന്ന് നേടിയത്. രാഹുലിനെ കൂടാതെ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹലി പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. രാഹുലും മായങ്കും ചേര്‍ന്നു ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട വന്നവര്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ഒരു വശത്ത് ഉറച്ചുനിന്ന കെ.എല്‍ രാഹുല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രാഹുല്‍ 62 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി തികച്ചത്. ബാംഗ്ലൂരിനുവേണ്ടി 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിവം ദുബെയും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലുമാണ് ബൌളിങ്ങില്‍ തിളങ്ങിയത്.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് തുടങ്ങിയത്. ആദ്യ മത്സരത്തിലെ ടീമിലെ മാറ്റമൊന്നും വരുത്താതെയാണ് കോഹ്ലി ഇന്ന് ടീമിനെ അണിനിരത്തിയിരിക്കുന്നത്. അതേസമയം സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റലിനോട് പരാജയപ്പെട്ട ക്ഷീണം മാറ്റാനാണ് കിങ്സ് ഇലവന്‍ ഇന്ന് ഇറങ്ങുന്നത്.
വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ മലയാളിയായ ദേവ്ദത്ത് പാടിക്കല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, തുടങ്ങിയ വമ്ബന്‍മാരുണ്ട്. അതേസമയം മറുവശത്ത് കെ.എല്‍ രാഹുല്‍ , മായങ്ക് അഗര്‍വാള്‍, കരുന്‍ നായര്‍, നിക്കോളാസ് പൂരാന്‍ എന്നിവര്‍ പഞ്ചാബ് നിരയിലുണ്ട്.
ഇന്ത്യന്‍ താരം ഉമേഷ് യാദവ് നേതൃത്വം നല്‍കുന്നതാണ് ബാംഗ്ലൂരിന്‍റെ ബൌളിങ് നിര. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഡേല്‍ സ്റ്റെയ്ന്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ആര്‍സിബിക്കായി പന്തെറിയാനുണ്ട്. അതേസമയം മൊഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന പഞ്ചാബ് നിരയില്‍ ജെയിംസ് നീഷാം, ഷെല്‍ഡന്‍ കോട്ട്റല്‍ എന്നിവരുമുണ്ട്.