അല്ലയോ സർക്കാരേ നിങ്ങൾ ഈ ജില്ലയെ ഇതിനുമാത്രം അവഗണിക്കുന്നത് എന്തിനാണ്; പി.എം മുനീർ ഹാജി ✍️
ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് കാസർഗോഡ്

കേരളത്തിൽ അവസാനമായി രൂപീകൃതമായ ജില്ല എന്നൊരു വ്യത്യാസം മാത്രമാണ് മറ്റു ജില്ലകളിൽ നിന്നും കാസർഗോഡിനുള്ളത്. എന്നാൽ അന്ന് തൊട്ട് ഇന്ന് വരെ പ്രായോഗികമായി മാത്രം കേരളത്തിന്റെ ഭാഗമാവുകയും അടിസ്ഥാനപരമായ സൗകര്യങ്ങളിൽ വരെ എത്രയോ അവഗണനകൾ ഈ ജില്ലയും ഇവിടുത്തെ ജനങ്ങളും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നിതാ ആരോഗ്യ മേഖലയിൽ കോവിഡ് എന്ന മഹാമാരി നാമെല്ലാവരെയും പിടിച്ചു കുലുക്കിയപ്പോഴും ഇവിടുത്തെ ആരോഗ്യ രംഗത്തു വേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും തരപ്പെടുത്താൻ ഈ സർക്കാരിനോ ഇവിടുത്തെ അധികാരികൾക്കോ സാധിക്കാത്തത് തികച്ചും ലജ്ജാവഹമെന്നതോടൊപ്പം ഏറെ ഭീതി ഉളവാക്കുന്ന കാര്യംകൂടിയാണ്. കോവിഡ് രോഗം ഭീതികരമായ അവസ്ഥയിലേക്ക് എത്തുന്ന ഒരു രോഗിയുടെ ജീവൻ രക്ഷ ഉപാധിയായി വേണ്ട ഒന്നാണ് വെന്റിലേറ്ററുകൾ. നിർഭാഗ്യവശാൽ പേരിനു പറയാൻ പോലും പ്രവർത്തന സജ്ജമായ ഒരു വെന്റിലേറ്റർ സൗകര്യം പോലും കാസർഗോഡ് സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. ആപത് ഘട്ടങ്ങളിൽ പോലും എല്ലാം കൊട്ടിഘോഷിച്ചു ചെയ്യുന്ന കേരള സർക്കാർ നൽകിയ 20 വെന്റിലേറ്ററുകൾ പോലും പ്രവർത്തനക്ഷമമാക്കാൻ ഇവിടുത്തെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഇവിടുത്തെ ആരോഗ്യ രംഗത്തുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിനു പിന്നിലുണ്ട്. കോവിഡ് മഹാമാരിയിൽ ഒരു ഘട്ടത്തിൽ രോഗം വന്നാൽ ചികിത്സിക്കാൻ നമുക്ക് ചുറ്റും ഒരു സൗകര്യവുമില്ല എന്ന ഭയപ്പാടോടെ ഈ ജില്ലയിലെ ജനങ്ങൾ കഴിഞ്ഞപ്പോൾ ടാറ്റ ഗ്രൂപ്പ് നമുക്ക് സമ്മാനായി ഒരു കോവിഡ് ആശുപത്രി നൽകി. 60 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച ആ വലിയ ഉദ്യമം ഇന്ന് ഉദ്ഘാടന മേളം കഴിഞ്ഞു ജോലിക്കാരെയും കാത്തിരിക്കുകയാണ്. ഈ അടിയന്തര ഘട്ടത്തിൽ പോലും സ്ഥിര/താത്കാലിക തസ്തികകൾ ഉണ്ടാക്കാനോ ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കനോ തയ്യാറാകാത്തത് ഈ ജനനങ്ങളോട് ഗവണ്മെന്റ് നടത്തുന്ന വെല്ലുവിളിയാണ്. കോവിഡ് സർവ്വ വ്യാപിയാണ് എത്രകണ്ട് തളച്ചാലും അത് ബാധിക്കുന്നത് വഴി അത്യാഹിത വിഭാഗത്തിലേക്ക് എത്തിപ്പെടുന്ന രോഗികൾ ഉണ്ടാകും. എന്നാൽ അവരെ സംരക്ഷിക്കാൻ ജില്ലയിൽ യാതൊരു വിധ സൗകര്യവും ഇല്ല എന്നുള്ളത് ഏറെ കൊട്ടിഘോഷിച്ച കേരള മോഡലിനൊക്കെ നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്. അതിർത്തി അടച്ചത് മൂലം ഒരുപാട് ജീവനുകൾ പൊലിഞ്ഞ മണ്ണാണ്. ആ മണ്ണിലെ ജനങ്ങളോടാണ് ഈ ക്രൂരമായ അവഗണന സർക്കാർ കാണിക്കുന്നത്. കൃത്യമായ ആരോഗ്യ സംവിധാനമില്ലാതെ അത്യാഹിതം സംഭവിക്കുന്ന ഓരോ ജീവനും ഇവിടുത്തെ അധികാരികളും ഗവണ്മെന്റുമാണ് ഉത്തരവാദികൾ ഇനിയുo ജനങ്ങളെ ഇങ്ങനെ നരകിക്കുവാൻ വിട്ട് കൊടുക്കാതെ അടിയന്തരമായി തന്നെ ജില്ലയിലെ വെന്റിലേറ്റർ സൗകര്യം പ്രവർത്തന സജ്ജമാക്കാനും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ കോവിഡ് ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിക്കാനുമുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുകയാണ്. ഒരു ജനതയ്ക്കു വേണ്ടിയുള്ള അപേക്ഷയാണ് .

