കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാണ്. സംസ്ഥാനത്ത് പുതിയ നിര്‍ദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാന്‍ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.
ഭൂജല സംരക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഉത്തരവാണ് കേന്ദ്ര ജല്‍ ശക്തി വകുപ്പ് നല്‍കിയിരിക്കുന്നത്. കുടിവെള്ളം പാഴാക്കിയാല്‍ 5 വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും.
കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയുടേതാണ് ഉത്തരവ്. 1986 ലെ പരിസ്ഥിതി നിയമം – അഞ്ചാം വകുപ്പ് പ്രകാരമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ദേശിയ ഹരിത ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, ജല ബോര്‍ഡുകള്‍, അതോറിറ്റികള്‍ എന്നിവ നിര്‍ദേശങ്ങള്‍ നടപ്പാക്കണം.
ഇനി മുതല്‍ കുടിവെള്ളം ഉപയോഗിച്ച് അലക്കല്‍, വാഹനം കഴുകല്‍, നീന്തല്‍ കുളങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, ജല മോഷണം, ചോര്‍ച്ച എന്നിവ ഗുരുതരമായ കുറ്റകൃത്യമാകും. ഇന്ത്യയില്‍ 60 കോടി ജനങ്ങളണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. 4.84 കോടി ക്യൂബിക് മീറ്റര്‍ വെള്ളമാണ് വര്‍ഷം തോറും പാഴാകുന്നത്.