ദിവ്യ യാത്രയയപ്പ് യോഗത്തിനെത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍; പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യക്കെതിരെ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് . നവീൻ ബാബുവിനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന് കണ്ടെത്തല്‍ .
പൊലീസിന് ലഭിച്ച മൊഴികളും ആത്മഹത്യാപ്രേരണ കുറ്റം ഉറപ്പിക്കുന്നതാണ്. റിപ്പോർട്ട് ഇന്ന് കോടതിയില്‍ സമർപ്പിക്കും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് പി.പി ദിവ്യയാണെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലും പറയുന്നു. അതിനിടെ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ സംഘത്തിന് മുമ്ബില്‍ നവീൻ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് ആവർത്തിച്ചു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും.
നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. കലക്ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീത റിപ്പോർട്ട് സർക്കാരിന് നല്‍കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും കണ്ണൂർ കലക്ടർ അരുണ്‍ കെ. വിജയനെതിരായ തുടർ നടപടികള്‍ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് ഓഫീസിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റവന്യൂ മന്ത്രി കെ രാജൻ റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
അതിനുശേഷം ആയിരിക്കും നടപടികള്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതടക്കമുള്ള കാര്യങ്ങളില്‍ തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയിട്ടില്ല എന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ദിവ്യക്കെതിരെ പാർട്ടി നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും റിപ്പോർട്ട് നിർണായകമാകും. ദിവ്യയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്ന് പൊലീസ് കൂടി കണ്ടെത്തിയാല്‍ സംഘടനാ നടപടിയിലേക്ക് കടക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
അതേസമയം ദിവ്യയെ എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. നവീൻ ബാബുവിന് അവധി നല്‍കിയിരുന്നില്ലെന്ന കുടുംബത്തിന്‍റെ ആരോപണവും കലക്ടർ തള്ളി. നവീൻ ബാബുവും താനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവധി സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ല. അത് ഇവിടെ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിട്ടില്ല. അത് സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് ചെയ്യുമെന്നും കലക്ടർ പറഞ്ഞിരുന്നു.

