KSDLIVENEWS

Real news for everyone

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടൻ; അശ്രദ്ധമായ ഡ്രൈവിംഗിനും, ഫോണ്‍ ഉപയോഗത്തിനും കനത്ത പിഴ

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടൻ പ്രാബല്യത്തില്‍ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമർപ്പിച്ച കരട് നിയമത്തിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്.

അടുത്ത മന്ത്രിസഭ യോഗത്തില്‍ പുതിയ ട്രാഫിക് നിയമം പരിഗണിക്കുമെന്നാണ് സൂചന. നിർദ്ദിഷ്ട നിയമത്തില്‍ ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 70 ദിനാറാണ് പിഴയായി നിർദ്ദേശിച്ചിരിക്കുന്നതെന്ന് ട്രാഫിക് ഓപ്പറേഷൻ അസി. അണ്ടർ സെക്രട്ടറി മേജർ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു.

നിലവില്‍ രാജ്യത്തെ റോഡ് അപകടങ്ങളില്‍ 90 ശതമാനവും അശ്രദ്ധമൂലവും, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്ത് ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത കുറ്റകൃത്യത്തിന്റെ തോതനുസരിച്ചാണ് പിഴ ചുമത്തുക. നിരോധിത മേഖലകളിലുള്ള പാർക്കിങ്ങിന് 15 ദിനാർ പിഴ ഈടാക്കും.

രാജ്യത്ത് ദിവസവും ഏകദേശം മുന്നൂറോളം അപകടങ്ങള്‍ നടക്കുന്നുതായി അല്‍ഖുദ്ദ പറഞ്ഞു. സിഗ്‌നല്‍ പാലിക്കാതിരിക്കുക, അമിത വേഗത, സാഹസികമായി വാഹനമോടിക്കല്‍ തുടങ്ങിയ ഗുരുതര ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ട്രാഫിക് നിയമത്തിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. അതോടപ്പം അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും റോഡിലെ തിരക്ക് നിയന്ത്രികുവാനും പുതിയ നിയമത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!