KSDLIVENEWS

Real news for everyone

പി എം ശ്രീ: 1,476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും; പാഠ്യപദ്ധതി മാറ്റില്ല: മന്ത്രി ശിവന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം: പി എം ശ്രീയില്‍ ഒപ്പിട്ടതു കൊണ്ട് കേരളത്തിലെ പാഠ്യ പദ്ധതി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

മറിച്ചുള്ള വാദഗതികള്‍ സാങ്കേതികം മാത്രമാണ്.

ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാണ്. നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപ തടഞ്ഞുവെച്ചത് മറികടക്കാനുള്ള നീക്കമാണിത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഒരു നീക്കത്തിനും ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല.

കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചേ തീരൂ. പദ്ധതിയില്‍ ഒപ്പിട്ടതോടെ കുടിശ്ശിക അടക്കം 1,476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും. പി എം ശ്രീ പദ്ധതി ഒപ്പിടാത്തതിന്റെ പേരില്‍ 2023-2024 വര്‍ഷത്തില്‍ കേരളത്തിന് നഷ്ടമായത് 188 കോടി 58 ലക്ഷം രൂപയാണ്. 1,158 കോടി 13 ലക്ഷം ആകെ നഷ്ടമായി. കേന്ദ്രം കുറേയധികം ഫണ്ട് നല്‍കാനുണ്ട്. കുട്ടികള്‍ക്ക് അവകാശപ്പെട്ട ഫണ്ടാണ് തടഞ്ഞുവച്ചത്. അത് മറികടക്കാനുള്ള നീക്കമാണിത്. കുട്ടികളുടെ ഭാവി വെച്ച്‌ കളിക്കാനാകില്ല.

പ്രധാനമന്ത്രിയുടെ പേരില്‍ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരുകളുടെ മുന്നില്‍ പി എം ശ്രീ എന്ന് ചേര്‍ക്കുമെന്നാണ് വ്യവസ്ഥ. അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്ബടിയിലും പറഞ്ഞിട്ടില്ല.

ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് പാഠപുസ്തകം, പെണ്‍കുട്ടികളുടെ അലവന്‍സുകള്‍, പ്രീ പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം പരീക്ഷ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ കാര്യങ്ങളുടെ പ്രവര്‍ത്തനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്. ഈ സാഹചര്യത്തിലും എന്‍ ഇ പിയെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. സി പി ഐ ഭരിക്കുന്ന വകുപ്പുകള്‍ക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും മുന്നണിയിലെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!