പി.എം ശ്രീ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന പദ്ധതി; സംസ്ഥാന സർക്കാർ ഒപ്പുവച്ചത് ഗൗരവതരം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് പി എം ശ്രീ. അതുമായി ചേര്‍ന്നുപോകാനുള്ള തീരുമാനം വളരെ ഗൗരവമേറിയ വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫണ്ടിന്റെ കുറവുള്ളതിനാല്‍ വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന കാരണം പറഞ്ഞാണ് പദ്ധതിയില്‍ ഒപ്പിട്ടത്. എന്നാല്‍, ഇത് വിശ്വസനീയമല്ല. ഗാന്ധി വധം മായ്ചുകളയുന്നതുള്‍പ്പെടെ ചരിത്രം തിരുത്താനുള്ള ദീര്‍ഘകാല അജണ്ടയുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അത്തരം വീക്ഷണങ്ങള്‍ക്കാണ് ദേശീയ വിദ്യാഭ്യാസ പദ്ധതി (എന്‍ ഇ പി) പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് തമിഴ്നാട് അടക്കമുള്ള മതേതര സര്‍ക്കാറുകള്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പദ്ധതിയില്‍ ഒപ്പുവച്ചത് എന്തിനാണെന്ന് എല്‍ ഡി എഫിന്റെ ഘടകകക്ഷികള്‍ക്കു പോലും അറിയില്ല. സി പി ഐ തീരുമാനങ്ങള്‍ വിശദമാക്കട്ടെ. യു ഡി എഫ് സര്‍ക്കാര്‍ വന്നാല്‍ കേന്ദ്ര സഹായത്തോടെയുള്ള പാഠ്യപദ്ധതി നടപ്പാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

