പി.എം ശ്രീ പദ്ധതി വിവാദം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സി പി ഐ; പ്രതിഷേധം കടുപ്പിക്കുന്നു

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ സി പി ഐക്കുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.
പദ്ധതിയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതു വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കടുത്ത നിലപാട് സി പി ഐ കൈക്കൊണ്ടു കഴിഞ്ഞു. നിലപാട് അറിയിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും. സി പി എം കേന്ദ്ര നേതൃത്വത്തെ പാര്‍ട്ടി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രതിഷേധം ഔദ്യോഗികമായി അറിയിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ സി പി എം അഖിലേന്തായ സെക്രട്ടറി എം എ ബേബിക്ക് കത്തയക്കുകയും ചെയ്തു.
ഇടത് മുന്നണി സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് ബിനോയ് വിശ്വം ഇന്ന് വൈകിട്ട് അഞ്ചിന് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈമാസം 27ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരും. സെക്രട്ടേറിയറ്റ് തീരുമാനത്തിന് ഇതില്‍ അംഗീകാരം നല്‍കുമെന്നാണ് വിവരം. ആലപ്പുഴയിലാണ് യോഗം നടക്കുക.
നിലവിലെ പ്രതിസന്ധിയില്‍ സി പി ഐയെ യു ഡി എഫിലേക്ക് ക്ഷണിച്ച് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. സി പി ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യു ഡി എഫിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കില്‍ കൂടിക്കാഴ്ചക്ക് തയ്യാറാണ്. യു ഡി എഫ് കണ്‍വീനറായ നാള്‍ മുതല്‍ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. പഴയ കാര്യങ്ങള്‍ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാന്‍ അവസരം ഒരുക്കിയത് യു ഡി എഫ് സംവിധാനത്തിലൂടെയാണെന്ന് ഓര്‍ക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

