ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: മുഖ്യ പ്രതി മന്‍സൂര്‍ ഖാനേയും മുന്‍ മന്ത്രി റോഷനേയും മുഖാമുഖമിരുത്തി മൊഴിയെടുക്കും

മംഗളൂരു : ഐമ ജ്വല്ലറിയിലെ ഹലാല്‍ നിക്ഷേപത്തിലൂടെ 80,000 മുസ് ലിംകളുടെ 5000 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ മുഖ്യപ്രതി മുഹമ്മദ് മന്‍സൂര്‍ ഖാനേയും മുന്‍ മന്ത്രി റോഷന് ബെയ്ഗിനേയും മുഖാമുഖം ഇരുത്തി മൊഴിയെടുക്കാന്‍ സി ബി ഐ തീരുമാനിച്ചു.
രണ്ടു ദിവസത്തിനകം ഇതിന് വേദിയൊരുക്കും. ഇതിന് ഇരുവരേയും കസ്റ്റഡിയില്‍ വിട്ടുകിട്ടിന് സി ബി ഐ പ്രത്യേക കോടതിയുടെ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചു. റോഷന് 400 കോടി രൂപ വാങ്ങി തിരിച്ചുതന്നില്ലെന്നാണ് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ഖാന് പരാതിപ്പെട്ടത്. വിലകൂടിയ കാറുകളും ആഭരണങ്ങളും സമ്മാനമായി കൈക്കലാക്കിയെന്നും ആരോപിച്ചു.
അത്രയും ഭീമമായ തുക പണമായാണോ മറ്റു രീതിയിലാണോ കൈമറഞ്ഞതെന്ന് രണ്ടുപേരേയും ഒരുമിച്ച് ഇരുത്തി ചോദിക്കേണ്ടതുണ്ടെന്ന് സി ബി ഐ സംഘം പറഞ്ഞു. ഖാന്റെ ആരോപണങ്ങള്‍ പരസ്യമായി നിഷേധിക്കുകയാണ് റോഷന്. ഹജ്ജ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്ക് സംഭാവനയല്ലാതെ മറ്റു പണമൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റോഷന് അവകാശപ്പെടുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറ്റവാളിയെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചുവെന്നാണ് സി ബി ഐ അവകാശപ്പെടുന്നത്. ഖാനുമായി ചേര്‍ന്നുള്ള മൊഴികള്‍ കൂടി പിന്തുണക്കുന്നതായാല് റോഷന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

