KSDLIVENEWS

Real news for everyone

ജില്ലയിൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടു; വാക്സീൻ എടുക്കാത്തവർ അര ലക്ഷത്തിലധികം

SHARE THIS ON

കാസർകോട് ∙ കോവിഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേളയുടെ സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെപ്പേർ വാക്സീൻ എടുത്തില്ല. കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് വ്യാപന നിയന്ത്രണത്തിൽ നേടിയിട്ടുള്ള നേട്ടം ഇല്ലാതാക്കുമെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ്. കോവിഡ് വാക്സിനേഷന് അർഹതയുള്ളവരുടെ 98.07% ആദ്യഡോസ് വാക്സീൻ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് എടുത്തത് 59.56% മാത്രമാണ്.

രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കേണ്ട ഇടവേളയുടെ പരിധി പിന്നിട്ടിട്ടും വാക്സീൻ സ്വീകരിക്കാത്തത് 55500 പേരാണ്. കൊറോണ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പു വരുത്തലാണ് വാക്സിനേഷന്റെ ധർമം. ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവരിൽ ശരീരത്തിൽ ആന്റിബോഡി ഉത്പാദനം പതിയെ ആരംഭിക്കുകയും ഉയർന്ന പ്രതിരോധ ശേഷിയിലേക്ക് ശരീരം എത്തുകയും ചെയ്യും. തുടർന്ന് ശരീരത്തിലെ ആന്റിബോഡി ലെവൽ താഴും. ഇങ്ങനെ താഴ്ന്ന സമയമാണ് രണ്ടാം ഡോസ് വാക്സീൻ നൽകേണ്ട സമയമായി ശാസ്ത്രീയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇത്തരത്തിൽ കൃത്യമായി വാക്സീൻ സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡി നില നല്ല രീതിയിൽ ഉയരുകയും അതു ദീർഘകാലം നിലനിൽക്കുകയും ചെയ്യും. രണ്ടാം ഡോസ് സ്വീകരിക്കാത്തവർക്ക് ശരീരത്തിലെ പ്രതിരോധശേഷി താഴ്ന്നു നിൽക്കുന്നതിനും രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ പ്രാധാന്യമുള്ള കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുമായി മുഴുവൻ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഇ.മോഹനൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!