പശ്ചിമേഷ്യയ്ക്കു മുകളില്‍ വിമാനങ്ങള്‍ ഇരുട്ടില്‍: കമ്പനികള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശവുമായി ഡി.ജി.സി.എ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ ആകാശത്ത് യാത്രാവിമാനങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യന്‍ ഭാഗങ്ങളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളുടെ ഗതിനിര്‍ണ്ണയ സംവിധാനം തടസപ്പെടുന്നതായും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വലിയ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാലാണ് വിമാന കമ്പിനികള്‍ക്ക് ഡി.ജി.സി.എ. സുരക്ഷാ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യന്‍ ആകാശത്ത് യാത്രാവിമാനങ്ങള്‍ നേരിടുന്ന ഭീഷണി എന്താണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നുമാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്.
പ്രശ്നത്തെ നേരിടാനായി വിമാന ജീവനക്കാര്‍, പൈലറ്റുമാര്‍, എയര്‍ നാവിഗേഷന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ (എ.എന്‍.എസ്.പി), എയര്‍ ട്രാഫിക് കണ്ട്രോളര്മാര് തുടങ്ങിയവര്‍ക്കുള്ള കര്‍മ്മപദ്ധതിയാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്.
‘ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) പ്രവര്‍ത്തനരഹിതമാകുന്നതും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതും കാരണമുള്ള പുതിയ ഭീഷണികളാല്‍ വ്യോമയാന മേഖല അനിശ്ചിതത്വം നേരിടുകയാണ്. പശ്ചിമേഷ്യയുടെ വ്യോമാതിര്‍ത്തിയില്‍ അടുത്തിടെയായി ജി.എന്‍.എസ്.എസ്. സംവിധാനത്തില്‍ പ്രശ്നങ്ങള്‍ കാണിക്കുന്നു.’ -ഡി.ജി.സി.എ വിമാന കമ്പനികള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ഈ പ്രശ്നം കാരണം സെപ്റ്റംബര്‍ അവസാനം നിരവധി വിമാനങ്ങളാണ് ഇറാന് സമീപത്തേക്ക് പറന്നത്. ഇതില്‍ ഒരു വിമാനം ഇറാന് വ്യോമാതിര്‍ത്തിക്ക് തൊട്ടടുത്ത് വരെ എത്തിയിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
എന്താണ് സംഭവിക്കുന്നത്?
പശ്ചിമേഷ്യയ്ക്ക് മുകളില്‍ പറക്കുന്ന വിമാനത്തിന് തെറ്റായ ജി.പി.എസ്. സിഗ്നല്‍ ലഭിക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇങ്ങനെ ലഭിക്കുന്ന സിഗ്നല്‍ ശരിയാണെന്ന അനുമാനത്തില്‍ വിമാനത്തിലെ ഗതിനിര്‍ണ്ണയ സംവിധാനം വിമാനം പോകേണ്ട വഴി നിശ്ചയിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോകേണ്ട വഴിയില്‍ നിന്ന് കിലോമീറ്ററുകളോളം മാറിയുള്ള വഴിയാകും ഇത്. ഇതിന്റെ ഫലമായി വിമാനത്തിന്റെ ഇനേര്‍ഷ്യല്‍ റഫറന്‍സ് സിസ്റ്റം (ഐ.ആര്.എസ്) അസ്ഥിരപ്പെടുകയും ഒരുപക്ഷേ വിമാനത്തിന്റെ ഗതിനിര്ണ്ണയശേഷി മുഴുവനായി നഷ്ടപ്പെടുകയോ ചെയ്യും.
വടക്കന്‍ ഇറാഖിനും അസര്‍ബൈജാനും ഇടയിലുള്ള തിരക്കേറിയ വ്യോമപാതയിലാണ് പ്രധാനമായി ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. ഇര്ബിലിന് സമീപവും തുര്‍ക്കിയയിലെ അങ്കാറയ്ക്ക് സമീപവും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന് കാരണമെന്താണെന്നോ പിന്നില്‍ ആരാണെന്നോ ഉള്ള കാര്യങ്ങളില്‍ ആധികാരികമായ ഒരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. മേഖലയില്‍ ഇപ്പോഴുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി സൈനികാവശ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക് യുദ്ധസാമഗ്രികള്‍ സ്ഥാപിച്ചതാകാം കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല

