ഗുണ്ടല്‍പേട്ടക്ക് സമീപം കാര്‍ തടഞ്ഞ് കവര്‍ച്ച; മലയാളിയുടെ ഒന്നര കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ബംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലക്കും ഇടയില്‍ കേരളത്തില്‍നിന്നുള്ള കാർ യാത്രികനെ തടഞ്ഞ് ആക്രമിസംഘം ഒന്നര കോടി രൂപ വിലമതിക്കുന്ന 1.2 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി.
കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവാണ് വ്യാഴാഴ്ച രാത്രി കേരളത്തിലേക്ക് കാർ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിന് ഇരയായത്.
നഞ്ചൻഗുഡിലെ കടക്കോളയില്‍നിന്നുള്ള സുഹൃത്തിനൊപ്പം കാറില്‍ ബന്ദിപ്പൂർ-കേരള റൂട്ടില്‍ മൂലെഹോള്‍ മദ്ദൂർ വനം ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനില്‍നിന്നാണ് വിനു സ്വർണക്കട്ടി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സ്വർണപ്പണിക്കാരൻ കടക്കോളയില്‍ എത്തിച്ചു നല്‍കിയ സ്വർണവുമായി വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ച് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ മൂന്ന് കാറുകള്‍ സംശയാസ്പദമായി പിന്തുടരുന്നത് ശ്രദ്ധയില്‍പെട്ടു.
മൂലെഹോളിനടുത്ത് എത്തിയപ്പോള്‍ ഇതില്‍ രണ്ട് കാറുകള്‍ വിനുവിന്റെ കാർ തടഞ്ഞു. കൊള്ളക്കാർ ഇരുവരെയും കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സംഘം വാഹനം ഉള്‍വനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്റെ പക്കല്‍നിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.
അന്വേഷണത്തിനായി മൂന്ന് സംഘങ്ങള്‍ രൂപവത്കരിച്ചു. ഒരു സംഘം കേരളത്തിലേക്കും മറ്റൊരു സംഘം മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാമത്തെ സംഘം നിലവില്‍ ബന്ദിപ്പൂർ റൂട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനങ്ങള്‍ തിരിച്ചറിയുന്നു. സ്വർണം വാങ്ങിയതിന്റെ സഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

