തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ച് 6 മരണം: 28 പേർക്കു പരുക്ക്; അപകടകാരണം അമിതവേഗം

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയിൽ നിന്നു കോവിൽപെട്ടിയിലേക്കു പോകുകയായിരുന്ന മറ്റൊരു ബസുമാണ് കടയനല്ലൂരിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളും പൂർണ്ണമായും തകർന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചെങ്കോട്ടയിലേക്കു പോവുകയായിരുന്ന ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി തെങ്കാശി പൊലീസ് അറിയിച്ചു. പരുക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

