KSDLIVENEWS

Real news for everyone

മൊഗ്രാൽ പേരാൽ അബ്ദുൾ സലാം വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

SHARE THIS ON

കാസർകോട്: കൊലക്കേസ് പ്രതിയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മൊഗ്രാൽ പേരാൽ പൊട്ടോടിമൂല വീട്ടിൽ അബ്ദുൾ സലാമിനെ (22) കൊലപ്പെടുത്തിയ കേസിലാണ് കുമ്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ധിഖ് (46), ഉമ്മർ ഫാറൂഖ് (36), പെർവാഡിലെ സഹീർ (36), പേരാലിലെ നിയാസ് (38), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (36), പെർവാഡ് കോട്ടയിലെ ലത്തീഫ് (43) എന്നിവരെ കാസർകോട് ജില്ലാ ആൻഡ് അഡീഷണൽ സെഷൻസ് (രണ്ട്) കോടതി ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പത്ത് വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവും അനുഭവിക്കണം.

പിഴത്തുകയിൽ ആറുലക്ഷം അബ്ദുൾ സലാമിന്റെ കുടുംബത്തിനും രണ്ടുലക്ഷം രൂപ സംഭവത്തിൽ പരിക്കേറ്റ നൗഷാദിനും നൽകണം. നഷ്ടപരിഹാരം നൽകാൻ ജില്ലാ നിയമസേവന അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

2017 ഏപ്രിൽ 30-നാണ് സലാമിനെ കുമ്പള മൊഗ്രാൽ മാളിയങ്കര കോട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്.

അബ്ദുൾ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന് (28) കുത്തേൽക്കുകയും ചെയ്തിരുന്നു. കുമ്പള, കാസർകോട് പോലീസ് സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൾ സലാം. വർഷങ്ങളായി തുടരുന്ന കുടിപ്പകയുടെ ഭാഗമായാണ് കൊലപാതകം. ഈ കേസിൽ പ്രതിയായ മാങ്ങമുടി സിദ്ധിഖിന്റെ വീടുകയറി അബ്ദുൾ സലാം ആക്രമണം നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സലാമിനെയും പരിക്കേറ്റ നൗഷാദിനെയും തന്ത്രപൂർവം മാളിയങ്കര കോട്ടയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

കൊലനടത്തുമ്പോൾ പ്രതികൾ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങൾ കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിലെ ടവറിന് സമീപത്തെ കുഴിയിലിട്ട് കത്തിച്ചതടക്കമുള്ള തെളിവുകളും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റു ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായിരുന്നു. അന്നത്തെ കുമ്പള ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ ഡിവൈ.എസ്.പിയുമായ വി.വി. മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എസ്.ഐ. ജയശങ്കർ, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായിരുന്ന ബാലകൃഷ്ണൻ, നാരായണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!