KSDLIVENEWS

Real news for everyone

മരണം കാത്ത് ഇൻകുബേറ്ററിലുള്ള കുഞ്ഞുങ്ങളും ഗര്‍ഭിണികളും; അവസാന ആശുപത്രിയും വിടാതെ ഇസ്രായേല്‍

SHARE THIS ON

ഗസ്സസിറ്റി: ഗസ്സ മുനമ്ബിന്റെ വടക്കുഭാഗത്ത് കഷ്‌ടിച്ച്‌ പ്രവർത്തിക്കുന്ന ഒരു ആശുപത്രി നിർബന്ധിതമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു ഇസ്രായേല്‍.

പിന്നാലെ തൊട്ടടുത്തുള്ള സ്‌കൂളുകളും അഭയാർത്ഥി ക്യാമ്ബും തകർത്ത് തരിപ്പണമാക്കി. അല്‍-മവാസിയുടെ ‘സേഫ് സോണ്‍’ എന്ന് വിളിക്കുന്ന പ്രദേശത്തായിരുന്നു വ്യാപക ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ അഭയാർഥികളുടെ കൂടാരങ്ങള്‍ കത്തിച്ചുചാമ്ബലാക്കി. ഇവിടെ ഏഴ് ജീവനുകളാണ് ഇസ്രായേല്‍ ബോംബുകള്‍ വിഴുങ്ങിയത്.

സാധാരണക്കാർ സഞ്ചരിച്ച ഒരു കാറിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനും നേരെ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്ബില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ തിങ്ങിപ്പാർക്കുന്ന സ്‌കൂളും ഒഴിവാക്കിയില്ല. പുലർച്ചെ ക്വാഡ്‌കോപ്റ്ററുകളും കവചിത വാഹനങ്ങളുമായി എത്തി സ്‌കൂള്‍ കെട്ടിടത്തിന് നേരെ നിർത്താതെ വെടിയുതിർക്കുകയായിരുന്നു ഇസ്രായേല്‍ സൈന്യം. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടു.

ക്യാമ്ബിന് വടക്കുള്ള പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ നാലുപേരെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഞായറാഴ്‌ച പുലർച്ചെ മുതല്‍ ആകെ 50 പേർ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം തുടരുന്നതിനിടെ ബെയ്റ്റ് ലാഹിയയിലെ കമാല്‍ അദ്വാൻ ആശുപത്രി അടച്ചുപൂട്ടാനും ആളുകള്‍ ഒഴിഞ്ഞുപോകാനും സൈന്യം ഉത്തരവിട്ടു. ഇൻകുബേറ്ററുകളിലെ കുഞ്ഞുങ്ങള്‍ അടക്കം 400 നിസ്സഹായരായ മനുഷ്യരാണ് അല്‍പ ജീവനുമായി ഈ ആശുപത്രിയില്‍ കഴിയുന്നത്.

വടക്കൻ മേഖലയില്‍ മൂന്ന് മാസത്തോളമായി ആയിരക്കണക്കിന് ആളുകള്‍ ഇസ്രായേല്‍ ഉപരോധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന ചുരുക്കം ചില ആശുപത്രികളില്‍ ഒന്നാണ് കമാല്‍ അദ്വാൻ. ബോംബുകള്‍, പീരങ്കി ഷെല്ലുകള്‍, സ്‌നിപ്പർ എന്നിങ്ങനെ പലവിധത്തില്‍ ആശുപത്രി തകർക്കാൻ ശ്രമിച്ചിരുന്നു ഇസ്രായേല്‍. നവജാത ശിശുക്കളും ഗർഭിണികളും ചികിത്സക്കായി കഴിയുന്ന വാർഡ് ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.

സൈന്യം ആശുപത്രിയില്‍ എത്തുന്ന ഇന്ധന ടാങ്കുകള്‍ ലക്ഷ്യംവെക്കുന്നതായി ആശുപത്രി മേധാവി ഹുസാം അബു സഫിയ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വലിയ സ്ഫോടനത്തിനും ആശുപത്രിക്കുള്ളില്‍ കഴിയുന്ന സാധാരണക്കാരുടെ കൂട്ടക്കൊലപാതകത്തിനും ഇത് കാരണമാകുമെന്നാണ് ഹുസാം പറയുന്നത്. രോഗികളെ പുറത്തെത്തിക്കാൻ വേണ്ടത്ര ആംബുലൻസുകള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പാലിക്കുക അസാധ്യമാണ്. കമാല്‍ അദ്വാനെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ വംശീയ ഉന്മൂലനമാണെന്ന് ഹമാസ് പറഞ്ഞു.

രോഗികളും പരിക്കേറ്റവും കുടിയിറക്കപ്പെട്ടവരുമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇസ്രായേല്‍ കുടിയിറക്കപ്പെട്ട ആളുകളോട് പോകാൻ നിർദേശിക്കുന്ന ‘സേഫ് സോണുകള്‍’ ആയ ഒരു സ്ഥലവും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അല്‍ മവാസിയിലെ കുടിയൊഴിപ്പിക്കല്‍ മേഖല, അഭയാർത്ഥി ക്യാമ്ബുകള്‍, സ്‌കൂളുകള്‍ എന്തിന് ആശുപത്രികള്‍ പോലും ഇസ്രായേല്‍ ബോംബുകളില്‍ നിന്ന് സുരക്ഷിതമല്ല. കഴിഞ്ഞ ഒരു മാസമായി ഈ ‘സുരക്ഷിത സ്ഥലങ്ങളിലെ’ ആക്രമങ്ങള്‍ക്ക് തങ്ങള്‍ സാക്ഷികളാണെന്ന് കമാല്‍ അദ്വാൻ ആശുപത്രി മേധാവി ഹുസാം അബു സഫിയ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ടര മാസത്തിനിടെ വടക്കൻ ഗസ്സയിലേക്ക് 12 സഹായ ട്രക്കുകള്‍ മാത്രമാണ് ഇസ്രായേല്‍ അധികൃതർ അനുവദിച്ചതെന്ന് ചാരിറ്റി ഓക്‌സ്‌ഫാമും വ്യക്തമാക്കി.ഒടുക്കമില്ലാത്ത ആക്രമണം തുടരുകയാണ് ഇസ്രായേല്‍. അതിജീവിച്ചവരെ അടിയന്തര സഹായം പോലും എത്തിക്കാൻ അനുവദിക്കാതെ പട്ടിണിക്കിട്ട് കൊല്ലുന്നു. 24 മണിക്കൂറിനിടെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഡസൻ കണക്കിന് ആളുകളെ ഇസ്രായേല്‍ കൊന്നൊടുക്കി. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ‘സാധാരണം’ എന്ന നിലയിലേക്ക് മാറ്റിയിരിക്കുകയാണ്.

2023 ഒക്‌ടോബർ 7 മുതല്‍ ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തില്‍ കുറഞ്ഞത് 45,317 ഫലസ്‌തീനികള്‍ കൊല്ലപ്പെടുകയും 107,713 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!