രാജ്യത്ത് ആദ്യം;കേരളത്തിലെ NH-കളിൽ ഹരിത ഇടനാഴി വരുന്നു, വലിയ വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സ്റ്റേഷനുകൾ

ആലത്തൂർ: രാജ്യത്ത് ആദ്യമായി കേരളത്തിലെ ദേശീയപാതകളിൽ നിശ്ചിത ദൂരപരിധിയിൽ വലിയ വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല വരുന്നു. ദേശീയപാത-66, ദേശീയപാത-544 എന്നിവയിലാണ് ചരക്കുവാഹനങ്ങൾക്കും ഹരിത ഇടനാഴി (സീറോ എമിഷൻ ട്രക്കിങ് കോറിഡോർ-സെഡ് ഇ ടി) സ്ഥാപിക്കുക.
ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കെഎസ്ഇബി കണ്ടെത്തി. മലിനീകരണം കുറയ്ക്കുന്നതിന് വൈദ്യുതി ട്രക്കുകളും ബസുകളും പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ചാണിത്.
20 വാഹനങ്ങൾക്ക് ഒരേസമയം ചാർജിങ് നടത്താവുന്ന അതിവേഗ ചാർജിങ് ഹബ്ബുകളാണ് സ്ഥാപിക്കുക. വിശ്രമത്തിനായി ഡ്രൈവർമാർ ട്രക്കുകൾ പതിവായി നിർത്തിയിടുന്ന സ്ഥലങ്ങൾ, തുറമുഖങ്ങൾ, ചന്തകൾ, ലോജിസ്റ്റിക് ഹബ്ബുകൾ, ലോറി- ബസ് ബുക്കിങ് ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.
മഹാരാഷ്ടയിലെ പനവേലിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ദേശീയപാത-66 ന്റെ 650 കിലോമീറ്റർ കേരളത്തിലൂടെയാണ്. പ്രധാന ചരക്കുനീക്ക പാതയാണിത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഹരിത ഇടനാഴി സ്ഥാപിക്കുക. കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 544-ൽ കൊച്ചി, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും ഹരിത ഇടനാഴി വരിക.

