KSDLIVENEWS

Real news for everyone

ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് മൂന്ന് കമ്പനികൾ കൂടി; പറക്കാൻ കേരളത്തിൽ നിന്നുള്ള കമ്പനിയും ; 2026 ൽ തന്നെ സർവീസ് ആരംഭിക്കും

SHARE THIS ON

ന്യൂഡൽഹി: ഡിസംബർ ആദ്യം ഉണ്ടായ ഇൻഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ രണ്ട് പുതിയ എയർലൈനുകൾക്ക് എൻ‌ഒ‌സി അനുവദിച്ച് വ്യോമയാന മന്ത്രാലയം. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയിൽ കുത്തക ‌ഒഴിവാക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് സർക്കാർ എൻ‌ഒ‌സി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള കമ്പനിയാണ് അൽഹിന്ദ് എയർ. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷാങ്ക് എയറിന് നേരത്തെ തന്നെ  എൻഒസി ലഭിച്ചിട്ടുണ്ട്. മൂന്ന് കമ്പനികളും 2026ൽ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

“ഇന്ത്യൻ ആകാശത്ത് ചിറകുവിരിക്കാൻ ആഗ്രഹിക്കുന്ന പുതിയ എയർലൈനുകളായ ഷാങ്ക് എയർ, അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഷങ്ക് എയറിന് മന്ത്രാലയത്തിൽനിന്ന് നേരത്തെ എൻ‌ഒ‌സി ലഭിച്ചിട്ടുണ്ട്. ഈ ആഴ്ച അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നിവയ്ക്ക് എൻ‌ഒ‌സികൾ ലഭിച്ചു. മോദി സർക്കാരിന്റെ നയങ്ങൾ കാരണം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാന വിപണികളിൽ ഒന്നായ ഇന്ത്യൻ വിമാന വ്യവസായത്തിൽ കൂടുതൽ എയർലൈനുകളെ പ്രോത്സാഹിപ്പിക്കുക എന്നത് മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഉഡാൻ പോലുള്ള പദ്ധതികൾ, സ്റ്റാർ എയർ, ഇന്ത്യ വൺ എയർ, ഫ്ലൈ91 തുടങ്ങിയ ചെറിയ കാരിയറുകൾക്ക് രാജ്യത്തിനകത്ത് റീജ്യണൽ കണക്ടിവിറ്റിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സഹായിച്ചിട്ടുണ്ട്, കൂടാതെ ഇനിയും വളർച്ചയ്ക്ക് സാധ്യതയുണ്ട്,” കേന്ദ്രമന്ത്രി പോസ്റ്റിൽ പറഞ്ഞു.

“ഇന്ത്യൻ വ്യോമയാന മേഖലയിൽ എയർലൈനുകൾ ഒഴികെ മറ്റെല്ലാവരും പണം സമ്പാദിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എയർലൈനുകൾ സ്ഥിരമായി തകർച്ച നേരിടുന്നത് നമ്മൾ കാണുന്നത്. ഒരു പുതിയ എയർലൈൻ ആരംഭിക്കാം, പക്ഷേ ഉയർന്ന ചെലവുകൾ, നികുതികൾ, മാനേജ്‌മെന്റ് ശേഷിയുടെ അഭാവം, നേരിയ ഫണ്ടിങ് എന്നിവ പോലുള്ള പല ഘടകങ്ങൾ കാരണം നിലനിൽപ് ഒരു വലിയ വെല്ലുവിളിയാണ്,” എന്ന് ഈ രംഗത്തെ ഒരു വിദഗ്ധനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

എയർലൈൻ തകർച്ചകൾ ആഗോള പ്രതിഭാസമാണെങ്കിലും സാമ്പത്തിക സൗഹൃദമല്ലാത്ത പ്രവർത്തന സാഹചര്യങ്ങൾ കാരണം രാജ്യത്ത് സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് വ്യവസായ മേധാവികൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്ക്ക് നേരിട്ട പ്രതിസന്ധി മൂലം 10 ദിവസത്തിനുള്ളിൽ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!