പി.കെ.ശ്രീമതിയുടെ ബാഗ് മോഷ്ടിച്ചു: പണവും രേഖകളും നഷ്ടമായി; കവർച്ച ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ

കണ്ണൂർ: ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് കൊൽക്കത്തയിൽ നിന്നു ബിഹാറിലെ സമസ്തിപുരിലേക്ക് ട്രെയിനിൽ പോകുന്നതിനിടെയാണ് മോഷണം. തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ, ആഭരണങ്ങൾ, ഫോൺ എന്നിവയെല്ലാം സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സിപിഎം നേതാവ് മറിയം ദാവ്ളയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.
കൊൽക്കത്തയിൽ നിന്ന് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രെയിനിൽ കയറിയത്. പുലർച്ചെ ഏഴ് മണിയോടെയാണ് ട്രെയിൻ സമസ്തിപുരിലെത്തേണ്ടത്. അഞ്ചരയോടെ ദർസിങ് സരായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞതെന്ന് ശ്രീമതി പറഞ്ഞു. ലോവർ ബെർത്തിലാണ് കിടന്നത്. തലയുടെ അടുത്തായാണ് ബാഗ് സൂക്ഷിച്ചിരുന്നത്. ബാഗ് ഷോൾ ഇട്ട് മൂടിയ ശേഷമാണ് കിടന്നുറങ്ങിയത്. ആർപിഎഫ് പൊലീസ് സ്റ്റേഷനിലും ഡിജിപി ഉൾപ്പെടെയുള്ളവരെയും വിവരം അറിയിച്ചുവെന്ന് ശ്രീമതി പറഞ്ഞു.

