സംസ്ഥാന ഭരണം പിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്: ഉദുമ പിടിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും

കാസർകോട്: രണ്ടാംവട്ടവും കൈവിട്ടു പോയ സംസ്ഥാന ഭരണം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കുന്നതിന് കോൺഗ്രസും യു ഡി എഫും ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തൊടുക്കുന്നു. ഇത്തവണ ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നണി തന്നെ തകർന്നേക്കുമെന്ന ആശങ്കയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈയുമാണ് യു ഡി എഫിന്റെ വാശിക്ക് ശക്തി പകരുന്ന പ്രധാന ഘടകങ്ങൾ.
സംസ്ഥാനത്തിൻ്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങൾ ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫും മുസ്ലീംലീഗും. ജില്ലയിലെ അവശേഷിക്കുന്ന മറ്റു മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉദുമയിലും തൃക്കരിപ്പൂരിലും ശക്തമായ മത്സരം കാഴ്ച്ചവച്ചാൽ പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നു. ഉദുമ മണ്ഡലത്തിലാണ് കോൺഗ്രസ് കൂടുതൽ സാധ്യത പ്രതീക്ഷിക്കുന്നത്. ഇവിടെ ഇത്തവണ ബി പി പ്രദീപ് കുമാർ, ഹക്കീംകുന്നിൽ എന്നിവരുടെ പേരുകളാണ് നേരത്തെ സ്ഥാനാർത്ഥികളായി പറഞ്ഞു കേട്ടിരുന്നത്.
എന്നാൽ നിലവിലെ എം എൽ എ ആയ സി എച്ച് കുഞ്ഞമ്പു തന്നെ ഇടതു മുന്നണി സ്ഥാനാർത്ഥിയായാൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഇത്തരമൊരു സാഹചര്യമാണ് നിലവിൽ കാസർകോട് എം പിയായ രാജ്മോഹൻ ഉണ്ണിത്താനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കം നേതൃത്വം ശക്തമായി പരിഗണിക്കുന്നതെന്നാണ് സൂചന. ഉദുമയിൽ നിന്നു ജയിക്കുകയും സംസ്ഥാന ഭരണം ലഭിക്കുകയും ചെയ്‌താൽ രാജ്മോഹൻ ഉണ്ണിത്താനെ മന്ത്രിയാക്കുകയാണ് ലക്ഷ്യം. ഈ കണക്കു കൂട്ടൽ വിജയിച്ചാൽ കാസർകോട് ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കാൻ കഴിയുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും പ്രമുഖരെ കളത്തിലിറക്കാനും നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് സംസാരമുണ്ട്. മുസ്ലീംലീഗ് കാസർകോട്ട് പ്രമുഖരായ ജില്ലാ ഭാരവാഹികളിൽ ഒരാളെ സ്ഥാനാർത്ഥിയാക്കുമെന്നും സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ യു ഡി എഫിൽ ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

