KSDLIVENEWS

Real news for everyone

പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത പരിശോധന ഒഴിവാക്കി; കോവിഡ് മാർഗനിർദേശം പുതുക്കി

SHARE THIS ON

“തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിനു മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരിച്ച കേസില്‍ കോവിഡ് ആണെന്നു ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കില്‍ രോഗം പകരാതിരിക്കാന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങള്‍ മുറിക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ കയ്യറ, ഫേസ് ഷീല്‍ഡ്/ കണ്ണട, മെഡിക്കല്‍ മാസ്‌ക് എന്നിവ ധരിക്കണം. എന്‍ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. നീളത്തില്‍ കൈയുള്ള വസ്ത്രം ധരിക്കുകയും നടപടി ക്രമങ്ങള്‍ക്കുശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ചു കഴുകുകയും ചെയ്യുക”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!