300 നാൾ പിന്നിട്ട് അടിപ്പാത സമരം; ഉറപ്പ് നൽകാതെ അധികൃതർ, Kasaragod,Kasaragod News,കാസർഗോഡ് വാർത്തകൾ,Kasaragod District News,Kasaragod News Today

പെരിയ: മഴയും വെയിലും മറന്ന് ദേശീയപാതയിൽ അടിപ്പാത ലഭിക്കാനായി നടത്തുന്ന സമരം മൂന്നൂറ് നാൾ പിന്നിട്ടു. പെരിയ ബസാറിൽ ജനകീയ സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹമാണ് പത്ത് മാസം പിന്നിട്ടത്. രണ്ടായി മുറിയുന്ന നാടിന് ഇരുകര കടക്കാൻ ചെറിയ അടിപ്പാതയെങ്കിലും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. നിവേദനങ്ങൾ ഡൽഹിവരെ എത്തിച്ചു. സമരങ്ങൾ അനവധി നടത്തിയിട്ടും അധികൃതർ രേഖാമൂലം ഉറപ്പ് നൽകാത്തതാണ് സമരം തുടരാൻ ഇടയാക്കിയത്.
ഹൈവേ വികസന അതോറിറ്റിയുടെ കണ്ണൂരിലെ ഉദ്യോഗസ്ഥർ ആവശ്യം പരിഗണനയിലാണെന്നാണ് സമരസമിതിയോട് പറയുന്നത്. ഉൾഗ്രാമങ്ങളിലുള്ളവർക്ക് ബന്ധപ്പെടേണ്ട ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ ഭൂരിഭാഗം ക്ലബുകളും പുരുഷ സംഘങ്ങളും ക്ഷേത്രത്തിന്റെയും പള്ളികളുടെയും കമ്മിറ്റികൾ എന്നിവർ സമരത്തിന് പിന്തുണയുമായി കൂടെ ഉണ്ട്.
മൂന്നൂറ് നാൾ പിന്നിട്ട ചൊവ്വാഴ്ച പെരിയ ബസാറിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ സംഗമം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ അധ്യക്ഷതവഹിച്ചു. ടി. രാമകൃഷ്ണൻ നായർ, ടി.വി. കരിയൻ, ടി.വി. അശോകൻ, ലത രാഘവൻ, എ.എം. മുരളീധരൻ, പ്രമോദ് പെരിയ, നാരായണൻ മാളൂട്ടി, ടി.കെ. ബാലൻ, അബ്ദുള്ള ഷാഫി, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മുഴുവൻസമയ സമരസമിതി വൊളന്റിയർമാരായ കെ.വി. കുഞ്ഞിക്കണ്ണൻ, പി.സി. അമ്പു, എൻ.പി., നാരായണൻ, കുഞ്ഞിരാമൻ പൊള്ളക്കട എന്നിവരെ ആദരിച്ചു

