KSDLIVENEWS

Real news for everyone

കനത്ത ഹിമക്കാറ്റ്: യുഎസിൽ 9000 വിമാനങ്ങൾ റദ്ദാക്കി; ന്യൂയോർക്ക്, നെവാർക്ക് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

SHARE THIS ON

വാഷിങ്ടൻ: യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് 9000 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യത്തുടനീളം വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഹിമക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന്, ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് യുഎസിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ നിർദേശം നൽകി. കെന്റക്കി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികൾ റദ്ദാക്കി. പള്ളികളിലെ ഞായറാഴ്ച ശുശ്രൂഷകൾ ഓൺലൈനാക്കി. പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വരെയുള്ള മേഖലയിലെ 14 കോടി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം വ്യാപകമായ മഞ്ഞുവീഴ്ചയ്ക്കു കാരണമാകുമെന്നും കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കാരോലൈന വരെയുള്ള മേഖലയെ ബാധിക്കാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹിമക്കാറ്റ് മൂലമുള്ള അതിശക്തമായ മഞ്ഞുവീഴ്ച യുഎസിലെ പകുതിയോളം പ്രദേശങ്ങളിലും നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. ആലിപ്പഴത്തെക്കാൾ ചെറിയ വലുപ്പത്തിലെ മഞ്ഞുകട്ടകൾ വീണു കൂമ്പാരം കൂടിയുള്ള അപകടകരമായ അവസ്ഥയാണ്. ചുഴലിക്കാറ്റുണ്ടാക്കുന്ന നാശനഷ്ടങ്ങളെ വെല്ലുന്ന കെടുതികളായിരിക്കും ഹിമക്കാറ്റിന്റേതെന്നാണ് മുന്നറിയിപ്പ്.

ഹിമക്കാറ്റിനെ തുടർന്ന് എയർ ഇന്ത്യ 25, 26 തീയതികളിലെ ന്യൂയോർക്ക്, ഓഹായോയിലെ നെവാർക്ക് വിമാന സർവീസുകൾ റദ്ദാക്കി. ‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും സൗകര്യവും മുൻനിർത്തി, ജനുവരി 25, 26 തീയതികളിൽ ന്യൂയോർക്ക്, നെവാർക്ക് എന്നിവിടങ്ങളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നു’ – എയർ ഇന്ത്യ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!