ഇറാന്റെ തന്ത്രപ്രധാന കേന്ദ്രത്തിന് തൊട്ടടുത്ത് വട്ടമിട്ടുപറന്ന് യുഎസ് ‘സബ്മറൈൻ കില്ലർ’; ലോകം ഉറ്റുനോക്കി പി8 പോസിഡോൺ

ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടെ ഇറാന്റെ അതീവ സുരക്ഷാമേഖലയായ ഖെഷ്ം (Qeshm) ദ്വീപിന് തൊട്ടടുത്ത് യുഎസ് നേവിയുടെ അത്യാധുനിക ചാരവിമാനം വട്ടമിട്ടുപറന്നത് വലിയ ചർച്ചയാകുന്നു. വിമാനം അമേരിക്കയുടെ അത്യാധുനിക മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റായ പി-8 പോസിഡോൺ (P-8A Poseidon) ആണെന്ന് ചില ട്രാക്കിങ് സൈറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രത്തിന് തൊട്ടടുത്ത് വട്ടമിട്ടുപറന്ന് യുഎസ് ‘സബ്മറൈൻ കില്ലർ’; ലോകം ഉറ്റുനോക്കി പി8 പോസിഡോൺ
DEFENCE
ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഖെഷ്ം ദ്വീപിന് സമാന്തരമായാണ് പറന്നത്. രാജ്യാന്തര വ്യോമപാതയിലായിരുന്നെങ്കിലും, ഇറാന്റെ നീക്കങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ പാകത്തിലായിരുന്നു വിമാനത്തിന്റെ സഞ്ചാരപാത.
എന്താണ് പി-8 പോസിഡോൺ?
കടലിലെ അന്തകൻ അഥവാ ‘സബ്മറൈൻ കില്ലർ’ എന്നാണ് പി-8 പോസിഡോൺ അറിയപ്പെടുന്നത്. ബോയിങ് 737-800 വിമാനത്തിൽ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച ഈ വിമാനം യുഎസ് നേവിയുടെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നാണ്.
അത്യാധുനിക റഡാറുകൾ: സമുദ്രോപരിതലത്തിലെ കപ്പലുകളെയും കടലിനടിയിലുള്ള മുങ്ങിക്കപ്പലുകളെയും (Submarines) ഒരുപോലെ കണ്ടെത്താൻ ഇതിന് കഴിയും. ഇതിലെ AN/APY-10 റഡാറും ഇലക്ട്രോ-ഓപ്റ്റിക്കൽ സെൻസറുകളും അതീവ സൂക്ഷ്മമായ വിവരങ്ങൾ വരെ ചോർത്താൻ ശേഷിയുള്ളതാണ്.
ആയുധശേഖരം: വെറും നിരീക്ഷണം മാത്രമല്ല ഇതിന്റെ ദൗത്യം. ശത്രു മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ടോർപ്പിഡോകൾ, കപ്പലുകളെ ആക്രമിക്കാനുള്ള ഹാർപൂൺ മിസൈലുകൾ (Harpoon anti-ship missiles) എന്നിവ വഹിക്കാൻ ഇതിന് ശേഷിയുണ്ട്.
വേഗതയും റേഞ്ചും: ജെറ്റ് എൻജിനുകൾ ഉപയോഗിക്കുന്നതിനാൽ വളരെ വേഗത്തിൽ (900 km/h) ലക്ഷ്യസ്ഥാനത്തെത്താനും മണിക്കൂറുകളോളം ആകാശത്ത് തങ്ങിനിന്ന് നിരീക്ഷണം നടത്താനും ഇതിന് സാധിക്കും.
സോണോബോയ്സ്: കടലിലേക്ക് എറിയാവുന്ന പ്രത്യേകതരം സെൻസറുകൾ (Sonobuoys) ഉപയോഗിച്ച് വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം ഇത് തിരിച്ചറിയുന്നു.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും, ഇറാന്റെ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് അമേരിക്ക പി-8 പോസിഡോണിനെ പ്രധാനമായും ഉപയോഗിക്കുന്നത്.ഇറാന്റെ നാവിക കരുത്ത് കേന്ദ്രീകരിക്കുന്ന ഖെഷ്ം ദ്വീപിന് സമീപം ഈ വിമാനം എത്തിയത് മേഖലയിലെ നിരീക്ഷണം അമേരിക്ക ശക്തമാക്കിയതിന്റെ സൂചനയാണ്.

