അഞ്ച് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും

ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. തമിഴ്നാടും പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് തമിഴ്നാട് ഏഴ് ദിവസത്തെ നിർബന്ധിത ഹോംക്വാറന്റീൻ ഏർപ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. രോഗലക്ഷണങ്ങൾ കാണുന്നവർ റിപ്പോർട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പശ്ചിമ ബംഗാൾ കേരളമടക്കം നാല് സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ബംഗാളിലെത്തുന്നവർ കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിർദേശം. 72 മണിക്കൂറിനടയിൽ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാർ ഹാജരാക്കേണ്ടത്. ശനിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
മഹാരാഷ്ട്രയിൽ നിന്നുള്ളവർക്കും കേരളത്തിൽ നിന്നുള്ളവർക്കും കർണാടകയും ഡൽഹിയും നേരത്തെ ആർടി-പിസിആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8807 പേർക്കാണ് ബുധനാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ 4106 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

