അതിർത്തി അടയ്ക്കൽ: ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം കൂടി

കാസർകോട്: കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയതോടെ ജില്ലയിലെ സർക്കാർ കോവിഡ് സ്രവശേഖരണ കേന്ദ്രങ്ങളിൽ വൻ തിരക്ക്.
തിങ്കളാഴ്ചമുതലാണ് എണ്ണം വർധിക്കാൻ തുടങ്ങിയത്. ആന്റിജൻ ടെസ്റ്റ് സാധാരണ പോലെ നടക്കുന്നുണ്ടെങ്കിലും ആർ.ടി.പി.സി.ആർ. തിരക്ക് നിയന്ത്രിക്കാൻ മുൻകൂർ ബുക്കിങ് സൗകര്യമേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
മംഗളൂരുവിൽ പഠനാവശ്യത്തിന് പോകേണ്ട വിദ്യാർഥികളും വ്യാപരികളുമുൾപ്പെടെ വലിയ ജനക്കൂട്ടമാണ് മിക്ക സ്രവശേഖരണ കേന്ദ്രങ്ങൾക്ക് മുന്നിലും. കാസർകോട് നഗരസഭാ ടൗൺ ഹാളിലെ ശേഖരണകേന്ദ്രത്തിൽ സാധാരണ 100 സാമ്പിളുകളായിരുന്നു ശേഖരിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി 200-ന് മുകളിൽ ആൾക്കാരുടെ സ്രവമാണ് ശേഖരിക്കുന്നത്. ഇവിടെ വ്യാഴം, വെള്ളി ദിവസങ്ങളിലെ ബുക്കിങ് നേരത്തെ തന്നെ അവസാനിച്ചു.
തിരക്ക് കാരണം വലിയൊരു വിഭാഗം ആൾക്കാർക്കും അവസരം ലഭിക്കാതെ സ്വകാര്യ ലാബുകളിൽ ചെല്ലേണ്ട അവസ്ഥയാണ്.
സ്രവശേഖരണ കേന്ദ്രങ്ങൾക്കകത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെങ്കിലും പുറത്ത് ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്.
ജില്ലയിലെ കോവിഡ് പരിശോധനകൾ നടക്കുന്ന കേന്ദ്രസർവകലാശാല ബയോ കെമിസ്ട്രി ആൻഡ് മോളിക്യൂലർ ബയോളജി ലാബിൽ ഇപ്പോൾ 1200-ന് മുകളിൽ സാമ്പിളുകളാണ് പരിശോധിക്കുന്നത്.
സർക്കാർ ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം വർധിച്ചപ്പോൾ പോലും ഇവിടെ 500-നും 600-നും ഇടയിൽ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്ക് എത്തിയിരുന്നത്. ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 12 ശതമാനമാണ്.
യാത്രാവിലക്ക്: എൽ.ഡി.എഫ്. റോഡ് ഉപരോധം ഇന്ന്
കാസർകോട്: കേരളത്തിൽനിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച റോഡ് ഉപരോധിക്കും. വൈകീട്ട് നാലിന് തലപ്പാടി, വോർക്കാടി ബക്രാബയൽ, പൈവളിഗെ മുളിഗദെ എന്നീ മൂന്നിടങ്ങളിലാണ് റോഡ് ഉപരോധിക്കുക. തലപ്പാടിയിൽ സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനംചെയ്യും.

