ശബരിമല കേസുകള്‍ പിന്‍വലിച്ചത് നിലപാട് മാറ്റമല്ല, പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല- എ വിജയരാഘവന്

തൃശൂർ: ശബരിമല വിഷയത്തിൽ കേസുകൾ പിൻവലിച്ചത് പാർട്ടി നിലപാടിലെ മാറ്റംകൊണ്ടല്ലെന്നും ചില സംഘടനകൾ ആവശ്യപ്പെട്ടതിനാലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ശബരിമല വിഷയത്തെക്കുറിച്ച് ഇടതുമുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങളിലെന്നും അദ്ദേഹംപറഞ്ഞു.
സമൂഹത്തിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായി പോലീസ് ചില കേസുകളും രജിസ്റ്റർ ചെയ്യും. ഇതിൽ അതിഗുരുതരമല്ലാത്ത കേസുകൾ ഒഴിവാക്കുക എന്നത് ശരിയായ നിലപാടാണ്. സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചു എന്നുമാത്രമേയുള്ളു. അത്തരം ചില ആവശ്യങ്ങൾ ഉയർന്നുവരുകയും ചെയ്തു. മറ്റുവിഷയങ്ങൾ ഇതിലേക്ക് കണ്ണിചേർക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് കൃത്യമായ രാഷ്ട്രീയ അജണ്ടയില്ല. അതുകൊണ്ടാണ് അവർ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല-പൗരത്വ നിയമ കേസുകൾ പിൻവലിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചത്

