16 സമ്മേളനങ്ങൾ, 204 ദിവസം, 168 ബില്ലുകൾക്ക് അംഗീകാരം; പതിനഞ്ചാം നിയമസഭയുടെ കണക്കുകളിതാ

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ 16 സമ്മേളനങ്ങളിലായി ചേർന്നത് 204 ദിവസം. സമ്മേളിച്ചത് 1192 മണിക്കൂറും 23 മിനിറ്റും. ചിലദിവസം സഭ തടസ്സപ്പെട്ടെങ്കിലും ഒരുദിവസം ശരാശരി ആറുമണിക്കൂറോളം സമ്മേളിച്ച സഭയിൽ നിയമനിർമാണത്തിന് 270 മണിക്കൂർ 39 മിനിറ്റും ധനകാര്യത്തിന് 279 മണിക്കൂർ 55 മിനിറ്റും ചെലവിട്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
2021 മേയ് 24-നായിരുന്നു ആദ്യസമ്മേളനം. സമ്മേളനദിവസങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവുംകൂടുതൽ നിയമം പാസാക്കിയത് പതിനഞ്ചാം നിയമസഭയാണ്. വർഷത്തിൽ ഏറ്റവും കൂടുതൽദിവസം സമ്മേളിക്കുന്ന നിയമസഭയും കേരളത്തിലേതാണ്. ഒരുവർഷം ശരാശരി 60 ദിവസമെങ്കിലും കേരളത്തിൽ സഭാസമ്മേളനമുണ്ട്. ഏഴ്, 16 സമ്മേളനങ്ങളിൽ സഭ നിയന്ത്രിക്കുന്ന ചെയർപേഴ്സൺമാരുടെ മൂന്നംഗപാനലിൽ വനിതകളെമാത്രവും ഉൾപ്പെടുത്തി.
29 ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ 168 ബില്ലുകൾ പാസാക്കി. 13 ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാനുണ്ട്. സഭാനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെടുന്ന ചട്ടം 50 അനുസരിച്ചുള്ള 18 പ്രമേയം സഭ ചർച്ചചെയ്തു.
69,086 നോട്ടീസുകൾ ചോദ്യമായി അംഗീകരിക്കപ്പെട്ടതിൽ 5160 എണ്ണം നക്ഷത്രചിഹ്നമിട്ടതും 62,882 എണ്ണം നക്ഷത്രചിഹ്നമിടാത്തതിന്റെയും പട്ടികയിൽ ഉൾപ്പെടുത്തി. നക്ഷത്രചിഹ്നമിടാത്ത 2992 ചോദ്യങ്ങൾക്ക് ഇനിയും മറുപടി ലഭിക്കാനുണ്ട്. 672 ചോദ്യം സഭാതലത്തിൽ പരിഗണിക്കുകയും 5126 ഉപചോദ്യം ഉന്നയിക്കാൻ അംഗങ്ങൾക്ക് അവസരം നൽകുകയും ചെയ്തു.
രാഹുലിന് അയോഗ്യതയ്ക്ക് സാധ്യതയില്ല
തൊണ്ടിമുതൽക്കേസിൽ കോടതി വിധിയെത്തുടർന്ന് ആന്റണി രാജു അയോഗ്യനായി. എന്നാൽ, ലൈംഗികാരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി സഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. കമ്മിറ്റി തീരുമാനമെടുത്താൽത്തന്നെ സഭ ചേരാത്തതിനാൽ ഇനി അയോഗ്യതയ്ക്ക് സാധ്യതയില്ല. രാഹുലിനെ രാഷ്ട്രീയമായി മാറ്റിനിർത്തിയെങ്കിലും അയോഗ്യനാക്കുന്നതിനോട് പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

