KSDLIVENEWS

Real news for everyone

ഇനി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും: ആനുകൂല്യങ്ങൾ കുറച്ച് ക്രെഡിറ്റ് കാർഡുകൾ

SHARE THIS ON

ക്രെഡിറ്റ് കാർഡ് സേവനദാതാക്കൾ റിവാർഡുകളിലും ആനുകൂല്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിരിച്ചടവ് മുടങ്ങലും എയർപോർട്ട് ലോഞ്ച് പോലുള്ള പ്രീമിയം സേവനങ്ങളുടെ ഉയർന്ന ചെലവും ഉൾപ്പടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ. റിവാർഡ് നേടുന്നതിന് ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

മാറ്റം ഈ കാർഡുകളിൽ

അമേരിക്കൻ എക്‌സ്പ്രസ്

ജനപ്രിയമായ ‘പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡി’ന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തി. മാനുവലായി ക്ലെയിം ചെയ്യാമായിരുന്ന ബോണസ് പോയിന്റുകൾക്ക് പകരം ഓട്ടോമേറ്റഡ് മൈൽസ്റ്റോൺ രീതിയിലേക്ക് മാറി. വർഷത്തിൽ നാല് ലക്ഷം രൂപ ചെലവാക്കുന്നവർക്ക് ലഭിച്ചിരുന്ന റിവാർഡ് പോയിന്റുകൾ 25,000-ൽ നിന്ന് 10,000 ആയി കുറച്ചു. നാല് ലക്ഷം രൂപ ചെലവാക്കുമ്പോൾ ലഭിച്ചിരുന്ന 10,000 രൂപയുടെ താജ് എക്‌സ്പീരിയൻസ് ഇ-ഗിഫ്റ്റ് കാർഡ് ഇനി മുതൽ ലഭിക്കില്ല. ഇത് ലഭിക്കാൻ വർഷത്തിൽ ചുരുങ്ങിയത് ഏഴ് ലക്ഷം രൂപ ചെലവാക്കേണ്ടി വരും. 2026 മാർച്ച് 9 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ഐസിഐസിഐ ബാങ്ക്

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഐസിഐസിഐ ബാങ്ക് തങ്ങളുടെ റിവാർഡ് സംവിധാനത്തിൽ മാറ്റംവരുത്തി.

പ്ലാറ്റിനം ചിപ്പ്, ഇൻസ്റ്റന്റ് പ്ലാറ്റിനം കാർഡുകൾക്കൊപ്പം നൽകിയിരുന്ന സൗജന്യ മൂവി ടിക്കറ്റുകൾ നിർത്തി. എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്തു. എമറാൾഡ് മെറ്റൽ ആഡ്-ഓൺ കാർഡിന് 3,000 രൂപ ഫീസ് ഏർപ്പെടുത്തി. പല കാർഡുകളുടെയും പ്രതിമാസ റിവാർഡ് പോയിന്റുകൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു.

എസ്ബിഐ കാർഡ്

കലണ്ടർ വർഷത്തിൽ എട്ട് തവണ (ഒരു ക്വാർട്ടറിൽ 2 തവണ) ലഭിച്ചിരുന്ന ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് സൗജന്യം ഇനി മുതൽ വർഷത്തിൽ നാല് തവണ (ക്വാർട്ടറിൽ ഒന്ന്) മാത്രമേ ലഭിക്കൂ.

ആക്‌സിസ് ബാങ്ക്

‘മെർച്ചന്റ് കാറ്റഗറി കോഡ്’ സമ്പ്രദായത്തിൽ നിന്ന് മാറി പ്രത്യേക ആഭ്യന്തര ട്രാൻസാക്ഷൻ കാറ്റഗറികൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ റിവാർഡുകൾ നിശ്ചയിക്കുന്നത്. കാർഡ് ക്ലോസ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ പോയിന്റുകൾ ഉപയോഗിക്കണം അതുകഴിഞ്ഞാൽ റദ്ദാകും. 90 ദിവസത്തിൽ കൂടുതൽ മിനിമം ബാലൻസ് അടയ്ക്കാതിരുന്നാലും പോയിന്റുകൾ നഷ്ടപ്പെടും.

സ്‌കാപ്പിയ (Scapia – Federal Bank)

ഇനി മുതൽ ലോഞ്ച് ആക്‌സസ് ലഭിക്കാൻ ഏത് നെറ്റ്വർക്കിലും 20,000 രൂപ ചിലവാക്കണം. മുമ്പ് വിസ കാർഡുകൾക്ക് 10,000 രൂപയും റുപേ കാർഡുകൾക്ക് 15,000 രൂപയും പ്രതിമാസം ചെലവഴിച്ചാൽ മതിയായിരുന്നു.

പോളിസി മാറ്റങ്ങളുടെ താരതമ്യം (ചുരുക്കത്തിൽ)

ബാങ്ക്

പ്രധാന മാറ്റം

പ്രഭാവം

Amex   

മൈൽസ്റ്റോൺ മാറ്റം

നാലു ലക്ഷം ചെലവാക്കുമ്പോഴുള്ള ആനുകൂല്യം 25,000 പോയിന്റിൽ നിന്ന് 10,000 ആയി കുറഞ്ഞു.
ICICI     

ആനുകൂല്യങ്ങൾ നിർത്തലാക്കി

സൗജന്യ സിനിമ ടിക്കറ്റുകൾ നിർത്തി. ലോഞ്ച് ആക്‌സസിന് ചെലവഴിക്കൽ പരിധി ഉയർത്തി.
SBI       

ലോഞ്ച് ആക്സസ് കുറച്ചു

ലോഞ്ച് ആക്‌സസ് വർഷത്തിൽ 8-ൽ നിന്ന് 4 ആക്കി.
HDFC   

റിവാർഡ് മൾട്ടിപ്ലയർ

ഇൻഫിനിയ കാർഡിലെ റിവാർഡ് പോയിന്റുകൾ ആദ്യം കുറച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
ആനുകൂല്യങ്ങൾ നിർത്തിയത് എന്തുകൊണ്ട്?

ബാധ്യത തിരിച്ചടയ്ക്കാത്ത ഉപഭോക്താക്കളുടെ എണ്ണം കൂടുന്നത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിച്ചതാണ് പ്രധാനകാരണം. എയർപോർട്ട് ലോഞ്ച് ആക്‌സസ് പോലുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനായി ബാങ്കുകൾക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്നത് ലാഭത്തെ ബാധിക്കാൻ തുടങ്ങിയതും മറ്റൊരുകാരണമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിവാർഡുകൾക്ക് മാത്രം മുൻഗണന നൽകാതെ വരുമാനത്തിനും ചെലവിനും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.
ആനുകൂല്യങ്ങൾ നേടാനുള്ള മാർഗമായി കാണാതെ, ക്രെഡിറ്റ് യോഗ്യത കൂട്ടാനുള്ള സാധ്യതയായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
ബാങ്കുകൾ റിവാർഡ് പോളിസികൾ മാറ്റുമ്പോൾ നൽകുന്ന അറിയിപ്പുകൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. നയങ്ങൾ ഇടക്കിടെ മാറ്റുന്നത് ബാങ്കുകളുടെ സാധാരണ നടപടിയാണ്.
ക്രെഡിറ്റ് കാർഡ് ലോകത്തെ സുവർണ കാലഘട്ടം അവസാനിക്കുന്നതിന്റെ സൂചനകളാണ് ബാങ്കുകളുടെ നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്. കൂടുതൽ തുക ചെലവഴിച്ചാൽ മാത്രമേ പഴയതുപോലുള്ള ആനുകൂല്യങ്ങൾ ഇനി ലഭ്യമാകൂ. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ മാത്രം കാർഡുകൾ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!