KSDLIVENEWS

Real news for everyone

‘മന്ത്രിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലെവിടെയും ഇല്ല: കെ.എസ്‍.യുകാർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും; വി.ഡി സതീശൻ

SHARE THIS ON

ആലപ്പുഴ: കെഎസ്‍യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘മന്ത്രിയുടെ അടുത്ത് പോലും പ്രവർത്തകർ എത്തിയിട്ടില്ല. നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. 35 ഓളം പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. കെഎസ്‍യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. എല്ലാ വാര്‍ത്താമാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.എന്നിട്ടും മന്ത്രിയെ ആക്രമിക്കുന്ന ചിത്രമോ ദൃശ്യമോ ആർക്കും കിട്ടിയിട്ടില്ല. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് ആക്രമിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കും’-സതീശന്‍ പറഞ്ഞു.

എനിക്കെതിരെ ആര് പ്രതിഷേധിച്ചാലും കുഴപ്പമില്ല. കേരളത്തിൽ എന്ത് സംഭവിച്ചാലും എല്ലാ മന്ത്രിമാരും വി.ഡി സതീശൻ ചെയ്തതാണെന്ന് പറയും. എനിക്ക് വേണ്ടി പിആർ പണി നടത്തുന്നത് ഇവിടുത്തെ മന്ത്രിമാരാണ്. ആരോഗ്യമന്ത്രിക്കെതിരായി ഇനിയും പ്രതിഷേധം തുടരുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, മന്ത്രിയുടേത് അഭിനയമെന്ന് കെഎസ്‍യു പ്രതികരിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു.

മന്ത്രിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വീണാ ജോർജ് കലോത്സവ കാലങ്ങളിലെ അഭിനയം ഇനിയും മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷമാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച് ആസൂത്രിതമായ ആക്രമണമാണ് കെഎസ്‍യു നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്നും കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!