KSDLIVENEWS

Real news for everyone

ഇസ്റാഈൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ തകർത്ത് ഇറാന്റെ മിസൈൽ മഴ; വിറങ്ങലിച്ച് ടെൽ അവീവ്, ലക്ഷ്യം തെറ്റാതെ ഖൈബർ ശകനും സെജ്ജീലും

SHARE THIS ON

ടെഹ്റാൻ | ഇസ്റാഈലിലെയും അമേരിക്കയിലെയും തന്ത്രപ്രധാനമായ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) ശക്തമായ മിസൈൽ ആക്രമണം നടത്തി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായി നടന്ന എഴുപത്തിയൊൻപതാം ഘട്ട ആക്രമണത്തിൽ ടെൽ അവീവിലെ അതീവ സുരക്ഷയുള്ള ഇന്റലിജൻസ് ഹബ്ബുകൾ തകർത്തതായി ഐ ആർ ജി സിയെ ഉദ്ധരിച്ച് ഇറാൻ ചാനലായ പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

ശക്തമായ ഖൈബർ ശകൻ, ഇമാദ്, സെജ്ജീൽ മിസൈലുകൾക്ക് പുറമെ ഐ ആർ ജി സി എയറോസ്പേസ് ഫോഴ്സിന്റെ കാമികാസെ ഡ്രോണുകളും ആക്രമണത്തിനായി ഉപയോഗിച്ചു. ഇസ്റാഈലിന്റെ ബഹുതല വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ടാണ് ഇവ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചത്. വടക്കൻ, മധ്യ തെൽ അവീവിലെ ചാരസംഘടനകളുടെ കേന്ദ്രങ്ങൾ, റമത്ത് ഗാനിലെയും നെഗേവിലെയും സൈനിക വാണിജ്യ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. കൂടാതെ ബീർഷെബയിലെ ഇസ്റാഈലിന്റെ തെക്കൻ സൈനിക ലോജിസ്റ്റിക്സ് ആസ്ഥാനത്തും മിസൈലുകൾ ആഘാതം സൃഷ്ടിച്ചു.

ആക്രമണത്തെത്തുടർന്ന് ഇസ്റാഈലിലുടനീളം വലിയ പരിഭ്രാന്തി പടരുകയും പാർലമെന്റ് (കെനെസെറ്റ്) സമ്മേളനം നിർത്തിവെക്കുകയും ചെയ്തു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകൾ അഭയസ്ഥാനങ്ങളിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ഇറാന്റെ അത്യാധുനിക മിസൈൽ, ഡ്രോൺ ശേഷിയുടെ തെളിവാണ് ഇസ്റാഈലിലെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന പുകപടലങ്ങളെന്ന് ഐ ആർ ജി സി വ്യക്തമാക്കി.

അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന സൈനിക നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ഫെബ്രുവരി 28 ന് ഇറാനെതിരെ ആരംഭിച്ച നീക്കങ്ങൾക്ക് പ്രതികാരമായി കഴിഞ്ഞ 25 ദിവസത്തിനിടെ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കുന്ന തരത്തിലുള്ള നിരവധി ആക്രമണങ്ങൾ ഇറാൻ സൈന്യം നടത്തിയിട്ടുണ്ട്. തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ മറച്ചുവെക്കാനും സത്യം വളച്ചൊടിക്കാനുമാണ് പെന്റഗണും ഇസ്റാഈലും ശ്രമിക്കുന്നതെന്ന് ഐ ആർ ജി സി ആരോപിച്ചു.

error: Content is protected !!