KSDLIVENEWS

Real news for everyone

വിടപറഞ്ഞത് കരുണയുടെ മഹാമനീഷി; കണ്ണീരോർമ്മയായി സയ്യിദ് ഷാഹുൽ തങ്ങൾ കുമ്പോൽ: ✍🏻അഷ്‌റഫ്‌ കർള

SHARE THIS ON

അനുസ്മരണം


  • ✍🏻അഷ്‌റഫ്‌ കർള

“നല്ലവരെ പടച്ചവൻ നേരത്തെ വിളിക്കുമെന്നാണല്ലോ… പക്ഷേ തങ്ങളേ,…
അങ്ങ് ഇത്രവേഗം ഞങ്ങളെ തനിച്ചാക്കി മടങ്ങുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.”

ഈ വരികൾ കുറിക്കുമ്പോൾ കാഴ്ച മറച്ച് കണ്ണുനീർ ധാരധാരയായി ഒഴുകുകയാണ്. നഷ്ടമായത് ഒരു സുഹൃത്തിനെയോ സഹപ്രവർത്തകനെയോ മാത്രമല്ല; എന്റെ ജീവിതത്തിന്റെ പകുതിയും കൂടെയുണ്ടായിരുന്ന, എന്റെ വലംകൈയ്യായി നിന്ന പ്രിയപ്പെട്ട സഹോദരനെയാണ്. സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക എന്ന സ്നേഹസ്വരൂപൻ വിടപറയുമ്പോൾ, ആയിരങ്ങൾക്ക് തണലേകിയ ഒരു വലിയ സാന്ത്വനമരമാണ് വേരറ്റുവീണത്.

നാട്ടിൽ ഞങ്ങൾ തൊട്ടടുത്ത വീടുകളിലായിരുന്നു. അയൽവാസികളായി, കളിക്കൂട്ടുകാരായി തുടങ്ങിയ ആ ബന്ധം പിന്നീട് പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയപ്പോഴും മുറിഞ്ഞില്ല. നാട്ടിലായാലും മറുനാട്ടിലായാലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ജീവിതത്തിലെ ഓരോ കയറ്റത്തിലും ഇറക്കത്തിലും തങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു.
നാല് പതിറ്റാണ്ടിലേറെയായി എന്റെ ഓരോ ശ്വാസത്തിലും നിഴൽപോലെ കൂടെയുണ്ടായിരുന്ന ആ സാന്നിധ്യം ഇനിയില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ജീവനാഡിയായിരുന്നു തങ്ങൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലും അർഹതപ്പെട്ടവരെ കണ്ടെത്തി ആദരിക്കാൻ ഞാൻ ഓടിനടക്കുമ്പോൾ, അതിന് പിന്നിലെ കരുത്തും സാമ്പത്തിക സ്രോതസ്സുമായി തങ്ങളുണ്ടായിരുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുമ്പോഴും അതൊന്നും വകവെക്കാതെ, എന്നോടൊപ്പം നിഴലുപോലെ നിന്ന ആ വലിയ മനസ്സ് ഇനി എവിടെ കാണും?

ജീവകാരുണ്യത്തിന്റെ ലോകത്ത് തങ്ങൾ പതിപ്പിക്കാത്ത കയ്യൊപ്പുകളില്ല. ദുബായ് പോലീസുമായി സഹകരിച്ച് എല്ലാ റമളാനിലും അദ്ദേഹം നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിരുകളില്ലാത്തതായിരുന്നു.
നാട്ടിലും വിദേശത്തുമായി ഓരോ വർഷവും അദ്ദേഹം ചെയ്യുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത തുകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എനിക്കെന്റെ വലംകൈയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി. അതൊന്നും വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന നിർബന്ധബുദ്ധിയോടെയാണ് അദ്ദേഹം ചെയ്തിരുന്നത്.

ആ വലിയ മനുഷ്യന്റെ വിയോഗം എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാത്ത ഒരു ശൂന്യതയിലാണ് ഞാൻ ഇപ്പോൾ.
അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരത്തെ നോക്കുമ്പോൾ പ്രിയപ്പെട്ട തങ്ങൾ എത്രത്തോളം ജനഹൃദയങ്ങളിൽ ഇടംപിടിച്ചിരുന്നു എന്ന് മനസ്സിലാക്കാം. ജാതിമത ഭേദമന്യേ ഏവരെയും ചേർത്തുനിർത്തിയിരുന്ന ആ മുഖത്തെ നിറപുഞ്ചിരി ഇനി ഓർമ്മകളിൽ മാത്രം.

വിദേശത്തും നാട്ടിലും ഒരുപോലെ സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന തങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ പ്രിയപ്പെട്ടവനായിരുന്നു.
ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ നന്മകൾ ലോകത്തിന് നൽകി, സ്നേഹം മാത്രം ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. ആ പ്രിയപ്പെട്ട ഷാഹുൽ തങ്ങളുടെ പാരത്രിക ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടെ. വിട്ടുപിരിയാത്ത ആ വേദനയിൽ നീറുന്ന കുടുംബത്തിനും നാട്ടുകാർക്കും എനിക്കും പടച്ചവൻ ക്ഷമ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുടുംബവിവരങ്ങൾ:

പരേതനായ സയ്യിദ് മുഹമ്മദ് തങ്ങളുടെയും മൈമൂന ബീവിയുടെയും മകനാണ് ഷാഹുൽ ഹമീദ് തങ്ങൾ (52).

ഭാര്യ: അസ്മ.

മക്കൾ: ഹാഷിർ (20), ഷമ്മാസ് (17), അംന (14).

സഹോദരങ്ങൾ: ഉമ്മർ തങ്ങൾ (കുവൈറ്റ്), താജു തങ്ങൾ (നാട്ടിൽ), ബദ്രു തങ്ങൾ (ദുബായ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!