അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ: ആയുധമുപേക്ഷിച്ച് വിട്ടുവീഴ്ചക്കില്ല; അമേരിക്ക-ഇറാൻ യുദ്ധം വലിയ പാഠം

പ്യോങ്യാങ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ യുദ്ധസാഹചര്യങ്ങള്‍ തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
ചൊവ്വാഴ്ച ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് കിം വാഷിംഗ്ടണിനെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചത്. അമേരിക്കയുടേത് ഭരണകൂട ഭീകരതയും കടന്നുകയറ്റവുമാണെന്ന് ആരോപിച്ച അദ്ദേഹം, ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന യുഎസിന്റെ സമ്മർദ്ദങ്ങളെയും വാഗ്ദാനങ്ങളെയും തള്ളിക്കളഞ്ഞ തന്റെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുടെ ‘ആണവ പദവി’ ഇനി ആർക്കും മാറ്റാനാവാത്ത വിധം ഉറച്ചുപോയതായും അദ്ദേഹം പ്രഖ്യാപിച്ചു.
ഇറാന്റെ ആണവശേഷി അമേരിക്ക തകർത്തുവെന്ന മുൻപത്തെ അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആണവായുധമില്ലാത്ത രാജ്യങ്ങളെ അമേരിക്ക സൈനികമായി വേട്ടയാടുമെന്നും എന്നാല്‍ ആണവശക്തിയുള്ള രാജ്യങ്ങളെ അവർ ഭയപ്പെടുമെന്നുമുള്ള ഉത്തരകൊറിയയുടെ ദീർഘകാലമായുള്ള വിശ്വാസത്തിന് അടിവരയിടുന്നതാണ് ഇറാൻ സംഘർഷം. നയതന്ത്ര ചർച്ചകള്‍ പുനരാരംഭിക്കാൻ ഡൊണാള്‍ഡ് ട്രംപ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനിടയിലാണ് കിമ്മിന്റെ ഈ നിർണ്ണായക പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആണവ നിരായുധീകരണം എന്ന പഴയ അജണ്ട ഇനി ചർച്ചയാകില്ലെന്ന വ്യക്തമായ സൂചനയാണ് കിം ഇതിലൂടെ നല്‍കുന്നത്.
ഉത്തരകൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കുകയും തങ്ങള്‍ക്കെതിരായ ശത്രുതാപരമായ നയങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇനിയൊരു ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടിലാണ് പ്യോങ്യാങ്. ഇതിനിടെ പുതിയ യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷണങ്ങളും ആണവായുധം വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകളുടെ വിക്ഷേപണവും നടത്തി ഉത്തരകൊറിയ തങ്ങളുടെ സൈനിക കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി അടുത്തിടെ വാഷിംഗ്ടണ്‍ സന്ദർശിച്ച് ചർച്ചകള്‍ നടത്തിയെങ്കിലും, ഉത്തരകൊറിയയുടെ പുതിയ നിലപാട് മേഖലയിലെ നയതന്ത്ര നീക്കങ്ങളെ കൂടുതല്‍ സങ്കീർണ്ണമാക്കാനാണ് സാധ്യത.

