ബി.ജെ.പിയെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് പിന്തുണ പുനരാലോചിക്കണം: പി.ഡി.പി മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ സംസ്ഥാനതലത്തിൽ 140 മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണെങ്കിലും, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി പ്രസ്തുത പിന്തുണ പുനരാലോചിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
നിയമസഭാ മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുടെ വിജയസാധ്യത വർധിച്ചുവരികയാണെന്നും, ബിജെപിയെ നേരിട്ട് നേരിടുന്നത് യുഡിഎഫാണെന്നും മണ്ഡലം കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തിൽ പാർട്ടി പിന്തുണ പുനരാലോചിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.
പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ്. എം. ബഷീർ റസ്വി അറിയിച്ചതനുസരിച്ച്, മഞ്ചേശ്വരം അറഫാ ഹാളിൽ ചേർന്ന മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ച് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു

