കോവിഡ് മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേന്ദ്ര സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നു. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പാക്കേജ് പ്രഖ്യാപിക്കും എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മൂന്നാം തരംഗം ഉണ്ടായാൽ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടൽ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കാണ് പാക്കേജിൽ മുൻഗണന നൽകിയിരിക്കുന്നത്.null
ഗ്രാമീണ മേഖലകളിലെ ആശുപത്രികളിൽ പോലും ഓക്സിജൻ ഉൾപ്പടെ കോവിഡ് ചിക്ത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുളള പണം പാക്കേജിൽ ഉൾപ്പെടുത്തും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുളള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാക്കേജിന്റെ ഭാഗമായി പണം നൽകും. പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാംതരംഗത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാം തരംഗം നേരിടാൻ കൂടുതൽ ലാബുകൾ സജ്ജീകരിക്കാനും പാക്കേജിൽ പണം നീക്കി വയ്ക്കും.
ഡെൽറ്റ വൈറസിന്റെ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം വൈകില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് വൈറസ് വ്യാപനം പരമാവധി തടയുന്നതിനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത്. മൂന്നാം വ്യാപനം നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുടെ യോഗവും കേന്ദ്രം ഉടൻ വിളിച്ച് ചേർത്തേക്കും.