KSDLIVENEWS

Real news for everyone

സ്പീക്കർ തിരഞ്ഞെടുപ്പ്: MP-മാർ ഹാജർ ഉറപ്പാക്കണമെന്ന് അമിത് ഷാ, അസ്വാരസ്യത്തിനിടെ യോഗംവിളിച്ച് INDIA

SHARE THIS ON

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ ജാഗരൂകരായി എൻ.ഡി.എ. സഖ്യം. സഖ്യകക്ഷികളെ വിളിച്ചു ചേർത്ത് സഭയിൽ ഹാജരാകണമെന്ന് എം.പിമാർക്ക് അമിത് ഷാ കർശന നിർദേശം നൽകി. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കൂടി സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിച്ചതോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്. അതേസമയം സഖ്യകക്ഷികളെ കൂടെ ചേർത്ത് ഇന്ത്യ സഖ്യവും മത്സരത്തെ ശക്തമായാണ് നേരിടാനൊരുങ്ങുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരുന്നുണ്ട്.


സ്പീക്കർ സ്ഥാനാർഥിയെച്ചൊല്ലിയുള്ള അസ്വാരസങ്ങൾക്കിടെയാണ് ഇന്ത്യ സഖ്യത്തിന്റെ യോഗം മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചേരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ സഖ്യകക്ഷികൾക്കിടയിൽ നിന്ന് ഭിന്നസ്വരങ്ങൾ ഉയർന്നിരുന്നു. കൂടിയാലോചന നടത്താതെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചതെന്നാണ് ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷികൾ രംഗത്തെത്തിയത്.

കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവസാനനിമിഷം ധൃതിയിൽ എടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് കോൺഗ്രസ് വിശദീകരണം നൽകുന്നത്. ഇന്ത്യ സഖ്യം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാത്തേക്കും സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും എന്നാണ് വിവരം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്. ഓം ബിര്‍ളയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബുധനാഴ്ച 11 മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് ഇന്ത്യ സഖ്യത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് നാമനിർദേശപത്രിക സമർപ്പിച്ച മത്സരത്തിലേക്ക് നീങ്ങിയത്. 543 അംഗ പാർലമെന്റിൽ 293 പേരുടെ പിന്തുണയാണ് എൻ.ഡി.എ. സഖ്യത്തിനുള്ളത്. 234 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പമുള്ളത്.

ചൊവ്വാഴ്ച വൈകുന്നേരം ആഭ്യന്തരമന്ത്രി അമിത് ഷാ എൻ.ഡി.എ. എംപിമാരുടെ യോഗം വിളിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10.30-ഓടെ ലോക്സഭയിൽ എത്തിച്ചേരണമെന്നാണ് എം.പിമാർക്ക് അമിത് ഷാ നൽകിയ നിർദേശം. നിർബന്ധമായും എല്ലാവരും സഭയിൽ ഉണ്ടാകണമെന്ന് സഖ്യകക്ഷികൾക്കടക്കം നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!