ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ലംഘനം: നടപടി കടുപ്പിച്ച് പൊലീസ്; മുപ്പതോളം വാഹനങ്ങൾ പിടിച്ചെടുത്തു; നാല് കടകൾക്കെതിരെ കേസ്

തൃക്കരിപ്പൂർ ∙ ട്രിപ്പിൾ ലോക്ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ തൃക്കരിപ്പൂർ, പിലിക്കോട് എന്നീ പഞ്ചായത്തുകളിൽ ചന്തേര പൊലീസ് നടപടി കടുപ്പിച്ചു. ഇന്നലെ നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ മുപ്പതോളം വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന 4 കടകൾക്കെതിരെ കേസെടുക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ് മൂലം കയ്യിൽ കരുതണമെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഓട്ടോ– ടാക്സി ഡ്രൈവർമാരും നിർബന്ധമായും കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളുണ്ടാകുമെന്നും ചന്തേര പൊലിസ് ഇൻസ്പെക്ടർ പി നാരായണൻ, സബ്ഇൻസ്പെക്ടർ എം.വി ശ്രീദാസ് എന്നിവർ അറിയിച്ചു.
നിയന്ത്രണങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ച കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുകയും വിവിധ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ഡൗണിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ പൊലീസ് നടപടി കൂടുതൽ കർശനമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും പൊലിസ് നടപടികളുമായും സഹകരിക്കണമെന്നു ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

