ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി: കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുത്തു

കണ്ണൂര്‍: ജയില്‍ചാടി പിടിയിലായ ബലാത്സംഗ-കൊലപാതക കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഇയാളെ പള്ളിക്കുന്നിലുള്ള ജയിലിലെത്തിച്ചത്.
വലിയ ജനക്കൂട്ടം ഈ സമയത്ത് ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു. അതുകൊണ്ടുതന്നെ വലിയ ബന്തവസ്സിലാണ് പോലീസ് ഇയാളെ ജയിലിനുള്ളിൽ എത്തിച്ചത്. ജയിലില്‍നിന്ന് എങ്ങനെയാണ് പുറത്തിറങ്ങിയതെന്നും മതിൽ ചാടിക്കടന്നത് എങ്ങനെയെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ പോലീസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
തുടർന്ന്, ഗോവിന്ദച്ചാമിയെ ജയിലിന് പുറത്തെത്തിച്ച് പോലീസിന്‍റെ വാഹനത്തിൽ കയറ്റി തിരികെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. തിരിച്ചുകൊണ്ടുപോകാനായി പോലീസ് വാനിൽ കയറ്റിയിരുത്തിയ സമയത്ത് വാനിന്‍റെ ജനാലയിൽക്കൂടി ഗോവിന്ദച്ചാമി ജനക്കൂട്ടത്തിനും മാധ്യമപ്രവർത്തകർക്കും നേരേ കൈവീശിക്കാണിച്ചു.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജിയുടെ വിലയിരുത്തല്‍. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഉറങ്ങിപ്പോയെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്. സെല്ലിനകത്ത് പ്രതികള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതും നടന്നിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചന ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം നാട്ടില്‍ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി മതില്‍ച്ചാടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പുറത്തിറക്കി പിടികൂടുകയുമായിരുന്നു.