KSDLIVENEWS

Real news for everyone

‘ഏറെക്കാലം അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ കേരളത്തിന് പിഴച്ചു. ഞായറാഴ്ച ലോക്ഡൗണ്‍ അനാവശ്യം’

SHARE THIS ON

ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 64 ശതമാനവും കേരളത്തിൽ നിന്നാണ്. രോഗബാധിതരേക്കാൾ കൂടുതൽ രോഗം ബാധിക്കാത്തവരായതിനാൽ കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാലും കേരളത്തിന് ആശ്വസിക്കാനാവില്ല. എന്തു കൊണ്ടാണ് കേരളത്തിൽ ഇപ്പോഴും കോവിഡ് കേസുകൾ കൂടി നിൽക്കുന്നത്? രോഗപ്രതിരോധത്തിൽ കേരളത്തിന് പാളിച്ച പറ്റിയത് എവിടെ? കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ. പി.കെ.ശശിധരൻ സംസാരിക്കുന്നു

കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് പിഴവുസംഭവിച്ചോ?
Mathrubhumi Malayalam News
പുതിയ രോഗമെന്ന നിലയിൽ ലോകത്ത് എല്ലായിടത്തും കോവിഡ് പ്രതിരോധത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങൾ ഉള്ള സംസ്ഥാനം എന്ന നിലയിൽ കോവിഡിനെ നമുക്ക് മികച്ച രീതിയിൽ പ്രതിരോധിക്കാമായിരുന്നു. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ചൂണ്ടിക്കാണിച്ചിട്ടുപോലും തിരുത്തൽ വരുത്താൻ സർക്കാർ തയ്യാറായില്ല. കോവിഡ് വന്നാൽ ഒരുപാട് പേർ മരിച്ചുപോകും എന്ന ഭീതിയോടെയാണ് ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്. മരണനിരക്ക് കുറക്കാനുള്ള പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതാണ് കേരളത്തിന് സംഭവിച്ച പ്രധാന പിഴവ്.

നമ്മൾ ശ്രദ്ധിക്കേണ്ടിയിരുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറക്കാനും രോഗം വന്നാൽ അത് ഗുരുതരമാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുമായിരുന്നു. വികേന്ദ്രീകൃതമായ ചികിത്സാ സംവിധാനമായിരുന്നു കേരളത്തിന് ആദ്യം മുതൽ വേണ്ടിയിരുന്നത്. ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രോഗികളെ ചികിത്സിക്കാനുള്ള നടപടികൾ തുടക്കത്തിൽ തന്നെ സ്വീകരിക്കേണ്ടിയിരുന്നു. പകരം കോവിഡ് കെയർ ആശുപത്രികൾ സജ്ജീകരിക്കുന്നതിലാണ് നമ്മൾ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് മറ്റ് രോഗികൾക്ക് ആശുപത്രികളിൽ ചികിത്സ കിട്ടുന്നത് പരിമിതപ്പെടാൻ പോലും കാരണമായി. രോഗം വരാതെ സൂക്ഷിക്കാനും നമുക്ക് മറ്റ് പലകാര്യങ്ങളും ചെയ്യാൻ കഴിയുമായിരുന്നു. ഭക്ഷണരീതിയും ജീവിതശൈലിയും മികച്ച രീതിയിൽ ക്രമീകരിക്കാനുള്ള നിർദ്ദേശം തുടക്കത്തിലേ കൊടുത്തിരുന്നെങ്കിൽ കോവിഡ് ബാധിച്ചവർ ഗുരുതരവസ്ഥയിലേക്ക് എത്തുന്നത് മാത്രമല്ല രോഗം പിടികൂടുന്നത് പോലും മികച്ച രീതിയിൽ തടയാമായിരുന്നു.

ലോക്ഡൗൺ നീട്ടിയത് കേരളത്തിന് തിരിച്ചടിയായോ?
ലോക്ഡൗൺ നീട്ടിയത് വിനയായി എന്നുതന്നെ വേണം പറയാൻ. എല്ലാം തുറന്നിട്ടുകൊണ്ട് രോഗത്തെ പ്രതിരോധിച്ച് മുന്നോട്ട് പോകാനുള്ള പ്ലാനാണ് കേരളത്തിന് കേരളത്തിന് വേണ്ടിയിരുന്നത്. മൂന്ന് മാസത്തിനു ശേഷവും ലോക്ഡൗൺ തുടരാനുള്ള തീരുമാനത്തെ ഞാൻ എതിർത്തിരുന്നു. കാരണം ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കാനുള്ള അവസരമാണ് അടച്ചിടൽ നീട്ടിയത് കൊണ്ട് കേരളം നഷ്ടപ്പെടുത്തിയത്.


കാരണം വാക്സിൻ എടുക്കുന്നതിലൂടെ കിട്ടുന്ന രോഗപ്രതിരോധശേഷിയേക്കാൾ എത്രയോ മികച്ചത് സ്വയം ആർജ്ജിക്കുന്ന പ്രതിരോധ ശേഷിയാണ്. ഇതിലൂടെ മാത്രമാണ് വൈറസിന്റെ എല്ലാ കമ്പോണന്റിനെതിരെയുമുള്ള ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടാവുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിന് വാക്സിൻ എടുക്കുന്നതിലൂടെ കിട്ടുന്ന പ്രതിരോധ ശേഷി മാത്രമേ ഗുണം ചെയ്യൂ എന്ന തെറ്റായ രീതിയിലാണ് കേരളം മുന്നോട്ട് പോയത്.
ഞായറാഴ്ചകളിലെ ലോക്ഡൗൺ തുടരാനാണ് തീരുമാനം ഇത് ആവശ്യമാണോ?
ഞായറാഴ്ച മാത്രമല്ല ഒരു ദിവസം പോലും അടച്ചിടേണ്ട ആവശ്യം നമുക്കില്ല. ഞായറാഴ്ചകളിലെ അടച്ചിടൽ മറ്റുദിവസങ്ങളിലെ തിരക്ക് കൂടാനെ സാധിക്കൂ. ഒരു ദിവസം മാത്രം അടച്ചിടുക എന്നത് ശാസ്ത്രീയമല്ല. എല്ലാം എല്ലാ ദിവസവും തുറന്നിടുകയാണ് വേണ്ടത്.

നിപ്പയെ പോലെ കോവിഡിനെ പൂർണ്ണമായും പ്രതിരോധിക്കാനുള്ള ശ്രമം പാളിയോ?
പൂർണ്ണമായും തടഞ്ഞു നിർത്താൻ കഴിയുന്ന ഒരു രോഗമാണ് എന്ന ധാരണയോടെയാണ് നമ്മുടെ പ്രതിരോധപ്രവർത്തനം തുടങ്ങിയത്. അവിടെയാണ് നമുക്ക് തെറ്റുപറ്റിയത്. നിപ്പയെ തുടങ്ങിയ സ്ഥലത്ത് വെച്ചു തന്നെ നമുക്ക് പ്രതിരോധിക്കാം. ആ രീതിയിലാണ് കോവിഡിനേയും കൈകാര്യം ചെയ്തത്. കോവിഡിന്റേത് രോഗവ്യാപന ശേഷി കൂടുതലുള്ള വൈറസാണെന്നും എല്ലാവർക്കും വരാൻ സാധ്യത ഉള്ളതാണെന്നും തുടക്കത്തിലേ മനസ്സിലായ കാര്യമാണ്. എന്നാൽ ആ യാഥാർഥ്യം ഉൾക്കൊള്ളാൻ കേരളത്തിന്റെ ആരോഗ്യസംവിധാനം തയ്യാറായില്ല. നിപ്പയെ തടഞ്ഞത് പോലെ തന്നെ കോവിഡിനേയും പൂർണ്ണമായും തടയും ആർക്കും വരാതെ നോക്കും വന്നാൽ തന്നെ ആരേയും മരണത്തിന് വിട്ടുകൊടുക്കില്ല എന്ന രീതിയാണ് നമ്മൾ കൈക്കൊണ്ടത്. അവിടെയാണ് നമുക്ക് തെറ്റിയതും

കോവിഡിന്റെ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം?
കേരളത്തിൽ രോഗം വരാൻ സാധ്യത ഉള്ളവരാണ് ഇപ്പോഴും കൂടുതൽ. കൂടുതൽ രോഗികളെ കേരളം മൂന്നാംഘട്ടത്തിലും പ്രതീക്ഷിക്കണം. ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കാത്തതിനാൽ തന്നെ വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗം വന്നാൽ മൂർച്ഛിക്കാൻ സാധ്യത ഉള്ളവർക്കും രോഗം വരാൻ സാധ്യത കൂടുതൽ ഉള്ളവർക്കും ഏത്രയും പെട്ടന്ന് രണ്ട് ഡോസ് വാക്സിനും കൊടുത്ത് തീർക്കണം. ഒപ്പം ചികിത്സ വികേന്ദ്രീകൃതമാക്കുന്നതിനും നടപടി ഉണ്ടാകണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി ഉൾക്കൊള്ളിച്ച് വേണം ചികിത്സ മുന്നോട്ട് പോകാൻ. അധികാരത്തിലിരിക്കുന്നവർ ഉത്തരവിടുന്നതിനനുസരിച്ച് മുന്നോട്ട് പോകുന്നതിന് പകരം ചികിത്സിക്കുന്ന ഡോക്ടർമാരുടെ തീരുമാനത്തിനും നിർദ്ദേശത്തിനും അനുസരിച്ച് വേണം ഇനി എങ്കിലും കാര്യങ്ങൾ മുന്നോട്ട് പോകാൻ.


കേരളത്തിൽ സ്കൂൾ തുറക്കാനുള്ള സമയം ആയോ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ തന്നെ പൂർണ്ണമായും തുറക്കേണ്ടിയിരുന്നു. സ്കൂളുകൾ ഇങ്ങനെ അടച്ചിടേണ്ടി വന്നപ്പോൾ ഉണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ച് നോക്കൂ. കുട്ടികളുടെ മാനസിക വളർച്ച മുരടിച്ചു. പെരുമാറ്റത്തിൽ വ്യത്യാസം വന്നുതുടങ്ങി. സമൂഹത്തിൽ ഇടപഴകാനുള്ള അവസരം നഷ്ടമായി. ദേഷ്യം, ആത്മഹത്യാ പ്രവണത, കുറ്റകൃത്യങ്ങളോടുള്ള വാസന എന്നിവയെല്ലാം കൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക എന്നത് എന്നത് തലവേദന വന്നാൽ തലവെട്ടിക്കളയുക എന്ന് പറയുന്നത് പോലെയുള്ള രീതിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക തന്നെയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!