വാസികളുടെ ശ്രദ്ധയ്ക്ക്, ഇനി വിമാനം, ലഗേജ് എന്നിവ വൈകിയാല്‍ കനത്ത പിഴ; ഇക്കാര്യത്തിന് ലഭിക്കുക ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ തുക

റിയാദ്: വിമാന യാത്രികര്‍ക്ക് ആശ്വാസകരമായ രീതിയിലുള്ള നിയമ പരിഷ്കാരവുമായി സൗദി അറേബ്യ. വിമാന സര്‍വീസ് ആറ് മണിക്കൂറിലേറെ വൈകിയാല്‍ വിമാനക്കമ്ബനികള്‍ യാത്രികര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്.
750 റിയാലാണ് ഈയിനത്തില്‍ വിമാന യാത്രക്കാര്‍ക്ക് നല്‍കേണ്ടത്.
നിലവില്‍ ആറ് മണിക്കൂറിലേറെ താമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാരുടെ ഭക്ഷണ, പാനീയങ്ങള്‍, ഹോട്ടല്‍ താമസം, ഹോട്ടലിലയ്ക്കും തിരിച്ചുമുള്ള യാത്ര എന്നിവയുടെ ചെലവ് വിമാനക്കമ്ബനി വഹിക്കണമെന്നാണ്. ഇതിന് പുറമേയാണ് നഷ്ടപരിഹാരവും നല്‍കേണ്ടത്.സര്‍വീസ് റദ്ദാക്കിയാല്‍ പഴയ നിയമാവലിയില്‍ നിന്ന് വ്യത്യസ്തമായി ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി നല്‍കണം.
ടിക്കറ്റ് നിഷേധിക്കുകയോ സീറ്റ് തരംതാഴ്ത്തുകയോ െചെയ്താല് 200 ശതമാനം നഷ്ടപരിഹാരമാണ് നല്‍കേണ്ടത്. പഴയ നിയമാവലി പ്രകാരം 100 ശതമാനം നഷ്ടപരിഹാരമാണ് നല്‍കേണ്ടിയിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം സര്‍വീസില്‍ അധികമായി സ്റ്റോപ്പ് ഉള്‍പ്പെടുത്തിയാലും യാത്രികര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ഓരോ അധിക സ്റ്റോപ്പിനും 500 റിയാല്‍ എന്ന കണക്കിലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
വികലാംഗര്‍ക്ക് ടിക്കറ്റ് നിഷേധിക്കുക, വീല്‍ ചെയര്‍ ലഭ്യമാക്കാതിരിക്കുക എന്നിവയ്ക്കും പുതിയ നിയമം നഷ്ടപരിഹാരം ഉറപ്പാക്കുന്നു. വികലാംഗര്‍ക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനമാണ് നഷ്ടപരിഹാരം. വീല്‍ ചെയര്‍ ലഭ്യമാക്കാതിരിക്കുന്ന സാഹചര്യമുണ്ടായാല്‍ 500 റിയാല്‍ നല്‍കണം. ബാഗേജ് നഷ്ടപ്പെടുക, ലഗേജ് കേടാവുക എന്നിവയ്ക്ക് 6,568 റിയാലാണ് നല്‍കേണ്ടത്. ലഗേജിന് കാലതാമസമുണ്ടായാല്‍ ആദ്യ ദിനത്തിന് 740 റിയാല്‍, രണ്ടാം ദിനം മുതല്‍ 300 റിയാല്‍ എന്നിങ്ങനെ പരമാവധി 6,568 റിയാല്‍ വരെ കമ്ബനിയില്‍ നിന്ന് ഈടാക്കും.

